അഡ്വ. മുഹമ്മദ് സാജിദ്

: വിശ്വാസി സമൂഹത്തിന് ദൈവകല്പനയാൽ അനുവദനീയമായ രണ്ട് ആഘോഷ സുദിനങ്ങളാണ് ഈദുൽ ഫിത്തറും (ചെറിയ പെരുന്നാൾ) ഈദുൽ അദുഹായും (വലിയ പെരുന്നാൾ). രണ്ടും ആചാരനുഷ്ഠാനങ്ങളുടെ ചരിത്രത്തിലെ അവിസ്മരണീയമായ ത്യാഗസ്മരണകളുടെ ആഘോഷങ്ങൾ എന്നനിലയിൽ ആർഭാടങ്ങളില്ലാതെ ഭക്തിയാദരപൂർവം കൊണ്ടാടണമെന്നാണ് വിവക്ഷ. ആഘോഷങ്ങൾ അതിരുകടക്കരുതെന്ന കർശന നിഷ്‌കർഷയുമുണ്ട്.

ഒരുമാസത്തെ ഭക്തിനിർഭരമായ ആത്മസമർപ്പണത്തിനും മാനസിക-ശാരീരിക ശുദ്ധികലശം വരുത്തുന്ന വ്രതാനുഷ്ഠാനങ്ങൾക്കും ധനസംസ്കരണമായ സക്കാത്തിന്റെ (നിർബന്ധിത ദാനം) പരിശുദ്ധിയിലൂടെ ആർജിക്കുന്ന സാമ്പത്തിക സംസ്‌കരണത്തിനും പരിസമാപ്തിയെന്നോണമാണ് ഈദുൽ ഫിത്തർ.

ഈ സുദിനത്തിൽ ആരും പട്ടിണിയിലാവരുത് എന്നതിനാൽ നിർബന്ധിതമാക്കിയ ഫിത്തർ സകാത്ത് (ഭക്ഷ്യദാനം) ഇതിൽ ശ്രദ്ധേയമാണ്.

റംസാൻ അനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള രാത്രി കാലങ്ങളിലെ സുദീർഘ പ്രാർഥനകൾക്ക് ഈ രാവിൽ ഇളവുകളുണ്ടെങ്കിലും തക്ബീർ ധ്വനികളിലും (ദൈവ സങ്കീർത്തനങ്ങൾ), പ്രാർഥനകളിലും പരിസരം ശബ്ദമുഖരിതമാക്കുന്നു വിശ്വാസികൾ. പെരുന്നാൾ രാവ് മുതൽ കുടുംബങ്ങളിലും സുഹൃദ് വലയങ്ങളിലും ഗൃഹസന്ദർശനം നടത്തി സന്തോഷം പങ്കിടുക എന്നതിനും അവർ ഏറെ പ്രാധാന്യം കല്പിക്കുന്നു. ബന്ധുക്കൾക്കും കുരുന്നുകൾക്കും ഈദിയ (പെരുന്നാൾ കൈനീട്ടം) നൽകി അവരുടെ മനം കുളിർപ്പിക്കുന്നു.

പെരുന്നാൾ പുലരിയിൽ നേരംവെളുക്കും മുമ്പേ എഴുന്നേറ്റ് കുളിച്ച് പ്രഭാത പ്രാർഥനകൾക്ക് ശേഷം പുത്തൻ വസ്ത്രങ്ങളണിഞ്ഞും സുഗന്ധദ്രവ്യങ്ങൾ പൂശിയും ഈദ് ഗാഹുകളിലേക്കും പള്ളികളിലേക്കും പ്രവഹിക്കുകയായി വിശ്വാസികൾ. ഭക്തി സാന്ദ്രമായ, പ്രാർഥനാനിർഭരമായ സൽകീർത്തനങ്ങൾക്കൊടുവിൽ ഏക മനസ്സോടെ അവർ പെരുന്നാൾ നമസ്‌കാരത്തിൽ മുഴുകുന്നു. തുടർന്ന് നടക്കുന്ന ഖുതുബയിൽ (പ്രഭാഷണം) ലോകസമാധാനവും സഹോദര്യവും സഹവർതിത്വവും സഹിഷ്ണുതയും സഹകരണവും തന്നെയായിരിക്കും ഇമാമുമാരുടെ മുഖ്യവിഷയം. ഈ പ്രഭാഷണം സാകൂതം ശ്രവിച്ച് ഗ്രഹിക്കുന്ന വിശ്വാസികൾ തുടർന്ന് പരസ്പരം ആശ്ലേഷിച്ച് കുശലങ്ങൾ പറഞ്ഞു സന്തോഷപൂർവം പിരിയുന്നു. തുടർന്ന് വീടുകളിൽ ഒരുക്കുന്ന വിഭവസമൃദ്ധമായ വിരുന്നിൽ സ്വന്തം കുടുംബങ്ങളോടും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമൊപ്പം ആനന്ദപൂർവം ആഹാരം കഴിച്ചുപിരിയുന്നതോടെ വിശ്വാസികളുടെ പെരുന്നാൾ ആഘോഷത്തിന് സമാപ്തിയാവുന്നു.

മതപ്രഭാഷണങ്ങളും പ്രാർഥനാ സദസ്സുകളും ഉത്‌ബോധനങ്ങളും ഒത്തുചേരലുകളും കൂട്ടായ കാരുണ്യപ്രവർത്തനങ്ങളും ഇഫ്ത്താർ (നോമ്പു തുറ) വിരുന്നുകളും സ്‌നേഹസംഗമങ്ങളും ഒക്കെയാണ് ആഘോഷങ്ങളെക്കാൾ ഏറെ പ്രാമുഖ്യം നൽകുന്നത്.

മഹാമാരിയിൽ ലോകം പകച്ചുനിൽക്കുമ്പോൾ ആഘോഷ പൊലിമകളില്ലാതെ പെരുന്നാളും കടന്നുപോകുന്നു. പരസ്പരാശ്ലേഷവും സ്നേഹ സമ്പർക്കവുമാണ് പെരുന്നാൾ പൊലിമ എന്നിരിക്കെ പള്ളികളിലെ പ്രാർഥനകൾക്കെത്തുന്ന അണികളുടെ നിരകളാണ് പെരുന്നാൾ പൊരുൾ. എന്നാൽ കോവിഡ് തീർത്ത വിലക്കുകൾക്ക് മുന്നിൽ സാമൂഹിക അകലംപാലിച്ചുള്ള ആരാധനകൾക്കും ആഘോഷങ്ങൾക്കും വഴിമാറി. മഹാമാരിയിൽനിന്നും മാനവരാശിയുടെ രക്ഷക്കായി പ്രാർഥിക്കാം.