ദുബായ് : സമാധാനപാലനം ലക്ഷ്യമിട്ട് ചേർന്ന അടിയന്തര അറബ് സമ്മേളനത്തിന് യു.എ.ഇ. ആതിഥേയത്വം വഹിച്ചു. ജറുസലേമിലെയും അൽ അക്‌സാ പള്ളിയിലെയും സംഭവ വികാസങ്ങൾ ബുധനാഴ്ച ഓൺലൈൻ വഴി ചേർന്ന അടിയന്തര യോഗത്തിൽ ചർച്ച ചെയ്തു.

അറബ് പാർലമെന്റ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യൻ കഴിഞ്ഞ ദിവസം കിഴക്കൻ ജറുസലേമിലെ അക്രമസംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ജോർദാൻ പ്രധാനമന്ത്രി ബിഷർ അൽ ഖസാവ്‌നേയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശൈഖ് മുഹമ്മദ് ആശങ്ക പങ്കുവെച്ചത്.

എല്ലാത്തരം അക്രമങ്ങളെയും വിദ്വേഷത്തെയും അദ്ദേഹം അപലപിച്ചു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പലസ്തീനികൾക്കെതിരായ അതിക്രമത്തെയും അപലപിച്ചു.