അബുദാബി : വിസ നടപടിക്രമങ്ങളുടെ ഭാഗമായുള്ള മെഡിക്കൽ പരിശോധനയ്ക്കായി മുൻകൂട്ടി ബുക്കുചെയ്യാൻ സൗകര്യമൊരുക്കി സേഹ ആപ്പ്. താമസവിസക്കാർക്ക് സേഹകേന്ദ്രങ്ങളിലെത്തി തിരക്കില്ലാതെ എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ ‘സേഹ വിസ സ്‌ക്രീനിങ് ആപ്പ്’ സഹായകമാകും.

നിലവിൽ വിസ പുതുക്കുന്നതിനും പുതിയ താമസവിസക്കാർക്കും സേഹ ഡിസീസ് പ്രിവെൻഷൻ, സ്ക്രീനിങ് സെന്ററുകളിലെത്തി ഫീസടച്ച് ബുക്കുചെയ്താണ് പരിശോധനകൾ പൂർത്തിയാക്കേണ്ടത്. സെന്ററുകളിലെ തിരക്കിന്റെ അടിസ്ഥാനത്തിൽ ചിലപ്പോൾ കൂടുതൽസമയം ഇവിടെ ചെലവഴിക്കേണ്ടിയും വരാം. എന്നാൽ ആപ്പ് വഴി ബുക്കുചെയ്യുമ്പോൾ അതിൽ അനുവദിക്കുന്ന സമയത്തുമാത്രം എത്തി തിരക്കില്ലാതെ പരിശോധനകൾ പൂർത്തിയാക്കാനാകും. നിലവിൽ വ്യക്തിഗത ബുക്കിങ്ങുകൾ മാത്രമാണ് ആപ്പിലൂടെ നടത്താനാകുക. ഉടൻതന്നെ ബിസിനസ് സ്ഥാപനങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയും.

സേഹയുടെ 12 സേവനകേന്ദ്രങ്ങളാണ് ഇപ്പോൾ അബുദാബിയിൽ പ്രവർത്തിക്കുന്നത്. ഐ.ഒ.എസ്, ആൻഡ്രോയ്ഡ് ഫോണുകളിൽ ആപ്പ് ലഭ്യമാണ്. ആരോഗ്യസേവനരംഗം ആഗോള നിലവാരമുള്ളതാക്കിമാറ്റുന്നതിന്റെ ഭാഗമായാണ് പരിഷ്കാരങ്ങളെന്ന് ചീഫ് ക്ലിനിക്കൽ അഫയർ ഓഫീസർ ഡോ. ഒമർ അൽ ഹാഷിമി പറഞ്ഞു. പരിശോധനയ്ക്കെത്തുന്നവർക്ക് 72 മണിക്കൂറിനകം ലഭിച്ച പി.സി.ആർ. നെഗറ്റീവ് ഫലവും അൽ ഹൊസൻ ഗ്രീൻ പാസും നിർബന്ധമാണ്.