ദുബായ് : സ്വകാര്യമേഖലയുടെ പൊതു അവധിവ്യവസ്ഥകൾ ഫെബ്രുവരി രണ്ടുമുതൽ നിലവിൽവരും. വർഷത്തിൽ 30 ദിവസത്തിൽ കുറയാത്ത പൂർണവേതനത്തോടുകൂടിയ അവധിക്ക് പൊതുമേഖലാ ജീവനക്കാർക്ക് അർഹതയുണ്ട്. ജോലിയിൽ പ്രവേശിച്ച് ആറുമാസത്തിൽ കൂടുതലും ഒരുവർഷത്തിൽ താഴെയുമായവർക്ക് ഓരോമാസവും രണ്ടുദിവസത്തെ അവധിയും ലഭിക്കും.

മുഴുവൻസമയ ജീവനക്കാരല്ലാത്തവർക്ക് തൊഴിൽ നിയമവ്യവസ്ഥ അനുവദിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും. പ്രൊബേഷൻ കാലാവധിയിലുള്ള ജീവനക്കാർക്ക് വാർഷികാവധിയുടെ ഭാഗമായുള്ള അവധി അനുവദിക്കാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്.

ജീവനക്കാരുടെ വാർഷികാവധി തൊഴിലുടമയുടെ തീരുമാനപ്രകാരമോ ഒരുമാസം മുൻകൂട്ടി അറിയിച്ചാൽ ജീവനക്കാരുടെ തീരുമാനപ്രകാരമോ ലഭ്യമാക്കാം. തൊഴിലുടമയുടെ അനുമതിയോടെ വാർഷികാവധി ആവശ്യമെങ്കിൽ അടുത്തവർഷത്തേക്ക് മാറ്റിയെടുക്കാനും തൊഴിലാളികൾക്ക് അവകാശമുണ്ട്.

അടിസ്ഥാനശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വാർഷികാവധിയുടെ ബാക്കിയുള്ള വേതനത്തിനും ജീവനക്കാർക്ക് അർഹതയുണ്ട്. വാർഷികാവധിക്കൊപ്പം പ്രതിവാര അവധിയും ഉൾപ്പെടുത്താൻ വ്യവസ്ഥ അനുമതി നൽകുന്നുണ്ട്. കാഷ് അലവൻസ് നേടാൻ താത്പര്യമില്ലെങ്കിൽ ജീവനക്കാർക്ക് വാർഷികാവധിയെടുക്കുന്നത് രണ്ടുവർഷത്തിൽകൂടുതൽ നീക്കിവെക്കുന്നത് തൊഴിലുടമ തടയില്ല.