അബുദാബി : അബുദാബി ജുഡീഷ്യൽ അക്കാദമി ബാലസൗഹൃദ നീതി എന്ന സംരംഭത്തിനുകീഴിൽ ആദ്യപരിശീലന പരിപാടി ആരംഭിച്ചു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ക്രിമിനൽ സിവിൽ കേസുകൾ ഉൾപ്പെടെ കുട്ടികളുമായി ബന്ധപ്പെട്ട നിയമനടപടികളിൽ അവബോധമുണ്ടാക്കുന്നതിനുവേണ്ടിയാണ് പരിശീലനം.

ക്രിമിനൽ കേസുകളിൽ വൈദഗ്ധ്യം നേടിയവർ, കോടതി ഉദ്യോഗസ്ഥർ, ശിശുസംരക്ഷണമേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കാണ് ബാലസൗഹൃദ നീതി പ്രധാനമായും പരിശീലനം നൽകുന്നതെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി അറിയിച്ചു. ഉപ പ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടോടെയാണ് സംരംഭം.

എല്ലാ തർക്കങ്ങളിലും കുട്ടികളുടെ അവകാശങ്ങൾക്കും താത്പര്യങ്ങൾക്കും മുൻഗണന നൽകാനാണ് പരിശീലനം നൽകുന്നതെന്ന് യു.കെ. ലിവർപൂൾ സർവകലാശാലാ നിയമവിഭാഗം പ്രൊഫസറും ഇടക്കാല മേധാവിയുമായ ഹെലൻ സ്റ്റാഫോർഡ് പറഞ്ഞു.