ദുബായ് : കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ. ജോർജ് ഓണക്കൂറിന് ദുബായിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ സ്വീകരണം നൽകി.

കരാമ കാലിക്കറ്റ് പാരഗൺ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ രാജു മാത്യു അധ്യക്ഷത വഹിച്ചു. കെ.എം. അബ്ബാസ്, വനിതാ വിനോദ്, സുജിത് സുന്ദരേശൻ, തൻസി ഹാഷിർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

അവാർഡ് നേടിയ ഹൃദയരാഗങ്ങൾ എന്ന ആത്മകഥയെക്കുറിച്ചും തന്റെ എഴുത്തുവഴികളെക്കുറിച്ചും ജോർജ് ഓണക്കൂർ മാധ്യമപ്രവർത്തകരുമായി സംവദിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധമായ ഒരെഴുത്തിനെയും താൻ ഇന്നുവരെ പ്രോത്സാഹിപ്പിച്ചിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന എഴുത്തുകളാണ് തന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

മതസൗഹാർദം എന്നതിനപ്പുറത്ത് മത ഐക്യം എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. മതം ഒരു സംസ്കാരം മാത്രമാണ്. അത് മനുഷ്യനെ ഭിന്നിപ്പിക്കുന്ന ഒന്നാവരുതെന്നും ജോർജ് ഓണക്കൂർ വ്യക്തമാക്കി.