ഷാർജ : കനത്തമഴയിൽ തണുപ്പുമാത്രമല്ല മനോഹരമായ തടാകങ്ങളും രൂപപ്പെട്ട സന്തോഷത്തിലാണ് കൽബയിലെത്തുന്ന വിനോദസഞ്ചാരികൾ. പുതുവർഷത്തലേന്നുമുതൽ ദിവസങ്ങളോളം യു.എ.ഇ.യിൽപെയ്ത ശക്തമായ മഴയിലാണ് ഷാർജയുടെ കിഴക്കൻ പ്രദേശമായ കൽബയിൽ ഒട്ടേറെ തടാകങ്ങളുണ്ടായത്. റോഡിന്റെ ഇരുഭാഗത്തുമായി കൂറ്റൻ കുന്നുകളുടെ താഴ്വരകളിലാണ് കുഞ്ഞുതടാകങ്ങളുള്ളത്. കൽബയിലേക്കുള്ള സഞ്ചാരികൾക്ക് വഴികാട്ടികളെന്നപോലെ സ്ഥിതിചെയ്യുന്ന ഇവ ആകർഷകങ്ങളാണ്.

മനുഷ്യനിർമിത തടാകങ്ങൾപോലെ മനോഹരമായാണ് മഴയുടെ ബാക്കിയായി പ്രകൃതിദത്തമായ ഈ തടാകങ്ങൾ കൽബയിലുണ്ടായത്. മഴയുടെ ഫലമായി ഭൂപ്രതലത്തിൽ മണ്ണുനിറയുകയും ക്രമേണ ഇവയിൽ ജലം കെട്ടിക്കിടക്കുകയും ചെയ്യുന്ന പ്രതിഭാസമായിരിക്കും കൽബയിൽ സംഭവിച്ചതെന്നാണ് സഞ്ചാരികളുടെ വിലയിരുത്തൽ.

ആഴം കുറഞ്ഞ, മരുഭൂമിയുടെ ചതുപ്പുനിലങ്ങളിലെ ഉപ്പുതടാകങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ അടുത്തിടെ ഒട്ടേറെ സഞ്ചാരികൾ കൽബയിലെത്തുന്നുണ്ട്. നദികളുടെ ഒഴുക്കിന് തടയിട്ട് ഉണ്ടാക്കുന്ന കൃത്രിമ തടാകങ്ങളിൽനിന്ന് വ്യത്യസ്തമായി മഴവെള്ളം വഴി രൂപപ്പെട്ട കൽബയിലെ തടാകങ്ങൾ ഈ തണുപ്പുകാലം മുഴുവൻ അതേപടി നിലനിൽക്കുമോയെന്നും നിശ്ചയമില്ല. എങ്കിലും ഷാർജയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കൽബയിലെ തടാകങ്ങൾ കണ്ണിന് വിരുന്നാണ്.