ഷാർജ : വിദേശത്തുനിന്നെത്തുന്നവർക്ക് അടിച്ചേൽപ്പിച്ച ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീൻ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി. ഓവർസീസ് സെൽ ദേശീയ കമ്മിറ്റി പ്രസിഡന്റ് ബാബു ഫ്രാൻസീസ് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് നിവേദനമയച്ചു.

കൃത്യമായ കോവിഡ് വാക്സിനേഷനും പി.സി.ആർ. പരിശോധനകളും പൂർത്തിയാക്കി നെഗറ്റീവ് ഫലവുമായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റീൻ വേണമെന്നത് നീതീകരിക്കാൻ സാധിക്കില്ലെന്ന് നിവേദനത്തിൽ പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈ കാര്യത്തിൽ പുനരാലോചന നടത്തണം. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണ് പ്രവാസികൾക്കെതിരേയുള്ള പുതിയ നിബന്ധന.

മരണമടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലെത്തുന്നവർക്ക് ഏർപ്പെടുത്തിയ എയർ സുവിധയിലെ സൗകര്യം കേന്ദ്ര സർക്കാർ ഒഴിവാക്കിയതും തെറ്റാണ്. ഇക്കാര്യത്തിൽ നിവേദനങ്ങളയച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ഓവർസീസ് എൻ.സി.പി. യു.എ.ഇ. കമ്മിറ്റിയും കുറ്റപ്പെടുത്തി.

പ്രതിഷേധമറിയിച്ച് ഇന്ത്യൻ അസോസിയേഷൻ

നിർബന്ധിത ക്വാറന്റീൻ നടപടി പുനഃപരിശോധിക്കാൻ കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഇടപെടണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ആവശ്യപ്പെട്ടു. രണ്ടുവർഷത്തിലേറെയായി നാട്ടിലെത്താൻ സാധിക്കാത്ത സാധാരണക്കാരായ പ്രവാസികളോടുള്ള പ്രതികൂലമനോഭാവമാണിതെന്നും വൈ.എ. റഹീം ഓർമിപ്പിച്ചു. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി പരിശോധിക്കുമെന്ന് സ്പീക്കർ മറുപടിനൽകി.

ക്വാറന്റീൻ ഒഴിവാക്കണം -പാലക്കാട് പ്രവാസി സെന്റർ

ക്വാറന്റീൻ നടപടികളിൽനിന്ന് പ്രവാസികളെ ഒഴിവാക്കണമെന്ന് പാലക്കാട് പ്രവാസി സെന്റർ ഭാരവാഹി പ്രദീപ് നെന്മാറ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. അടിയന്തരാവശ്യങ്ങൾക്ക് നാലോ അഞ്ചോ ദിവസത്തേക്ക് നാട്ടിലെത്തുന്നവർക്കും നിലവിലെ ക്വാറന്റീൻ നിയമം ബാധകമാണോ എന്നുകൂടി സർക്കാർ വ്യക്തമാക്കണം.