അബുദാബി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം ജനുവരി അവസാനംവരെ നീട്ടണമെന്ന് അബുദാബിയിലെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ-വൈജ്ഞാനിക വകുപ്പ് (അഡെക്) നടത്തിയ അഭിപ്രായസർവേയിലാണ് ഭൂരിഭാഗം രക്ഷിതാക്കളും ഇ-ലേണിങ് ആവശ്യം ഉന്നയിച്ചത്.

വൈറസ് വ്യാപനത്തിന്റെ തോത് ഉയർന്നതോടെ ആദ്യ രണ്ടാഴ്ചത്തേക്ക് ഇ-ലേണിങ് പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കുന്നതിൽ രക്ഷിതാക്കൾക്ക് താത്പര്യക്കുറവുണ്ട്. ജനുവരി 17 മുതലാണ് സ്കൂളുകളിൽ നേരിട്ടെത്തിയുള്ള ക്ലാസുകൾ തീരുമാനിച്ചിരുന്നത്. ദുബായിൽ ചില സ്കൂളുകളിൽ ജനുവരി ആദ്യവാരം ക്ലാസുകൾക്ക് തുടക്കമായിരുന്നെങ്കിലും രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ ഇ-ലേണിങ്ങിലേക്ക് മാറുകയായിരുന്നു.

ജനുവരി അവസാനത്തോടെ ഇ-ലേണിങ്, ആഴ്ചകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നടക്കുന്ന ക്ലാസുകൾ, ഒരാഴ്ച സ്കൂൾ ക്ലാസുകൾ-ഒരാഴ്ച ഇ-ലേണിങ്, നേരിട്ട് ക്ലാസ് റൂമിലെത്തിയുള്ള പഠനം എന്നിവയിൽ ഏതാണ് ആവശ്യമെന്നാണ് അഡെക് രക്ഷിതാക്കളോട് ചോദിച്ചത്. രക്ഷിതാക്കൾക്ക് കുട്ടികളുടെ ഇ-ലേണിങ് രീതിയിൽ ആവശ്യമായ സഹകരണം ഉറപ്പാക്കാൻ കഴിയുന്നുണ്ടോ, സാഹചര്യങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളും കഴിഞ്ഞതവണത്തെ ഇ-ലേണിങ് പഠനനിലവാരവും അഡെക് അന്വേഷിച്ചിരുന്നു.

പൊതുപരീക്ഷകൾ വൈകും

ദുബായ് : കോവിഡ് സുരക്ഷാമുൻകരുതലിന്റെ ഭാഗമായി യു.എ.ഇ.യിലെ സർക്കാർ സ്കൂളുകളിലെ പൊതുപരീക്ഷകൾ ഒരുമാസം വൈകും. ഈ ആഴ്ച അവസാനം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പരീക്ഷകളാണ് ഫെബ്രുവരിവരെ നീട്ടിയതെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. ശനിയാഴ്ച നടത്താനിരുന്ന എമിറേറ്റ്‌സ് സ്റ്റാൻഡേർഡ് പരീക്ഷ ഫെബ്രുവരി 12-ലേക്ക് മാറ്റി.

കോവിഡിനെത്തുടർന്ന് അബുദാബിയിലെ പൊതു, സ്വകാര്യ സ്കൂളുകൾ ഓൺലൈൻ പഠനം തുടരുകയാണ്. ദുബായിൽ രണ്ടു ഡസനിലേറെ സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ പഠനമാണ്.