ദുബായ് : ലോക മഹാമേളയായ എക്സ്‌പോ 2020 ദുബായ് പവിലിയനുകളിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സന്ദർശനം തുടരുന്നു. കഴിഞ്ഞദിവസം ദക്ഷിണ കൊറിയ, ബ്രസീൽ പവിലിയനുകളിൽ ശൈഖ് മുഹമ്മദ് സന്ദർശനം നടത്തി.

മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന കൊറിയൻ പവിലിയൻ സന്ദർശനവേളയിൽ പവിലിയന്റെ തനതായ ഘടനയെക്കുറിച്ച് ശൈഖ് മുഹമ്മദ് ചോദിച്ചറിഞ്ഞു. 4650 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ പവിലിയൻ എക്സ്‌പോയിലെ ഏറ്റവും വലിയ പവിലിയനുകളിലൊന്നാണ്. ഭീമൻ ഡിസ്‌പ്ലേകളിൽ കൊറിയൻ സംസ്കാരം വ്യക്തമാക്കുന്ന പവിലിയൻ സ്മാർട്ട് കൊറിയ, ലോകം നിങ്ങളിലേക്ക് എന്ന പ്രമേയത്തിലാണ് പ്രവർത്തിക്കുന്നത്. കൊറിയൻ നാഗരികതയുടെ വിവിധ വശങ്ങൾ, ആചാരങ്ങൾ, പാരമ്പര്യം എന്നിവയിലേക്ക് വെളിച്ചം വീശുന്ന പവിലിയനിലെ വൈവിധ്യമാർന്ന ഉത്പന്നങ്ങളെക്കുറിച്ചും സാംസ്കാരികപരിപാടികളെക്കുറിച്ചും സംഘാടകർ ശൈഖ് മുഹമ്മദിന് വിശദീകരിച്ചു നൽകി.

പ്രകൃതിദത്ത ആവാസവ്യവസ്ഥ, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാവ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന സസ്റ്റെയ്നബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന ബ്രസീലിയൻ പവിലിയനും ശൈഖ് മുഹമ്മദ് നടന്നുകണ്ടു. സുസ്ഥിരവികസനത്തിനായി ഒരുമിച്ച് എന്ന പ്രമേയത്തിനുകീഴിലാണ് ബ്രസീലിയൻ പവിലിയൻ. സന്ദർശകർക്ക് ബ്രസീലിന്റെ ജൈവവൈവിധ്യവും സമ്പന്നമായ സംസ്കാരവും അടുത്തറിയാൻ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. സുസ്ഥിര വികസനം വർധിപ്പിക്കുക, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക എന്നിവയിലൂടെ മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെ ചെറുക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.