മസ്‌കറ്റ് : ഒമാനിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമെന്ന് പരിസ്ഥിതിമന്ത്രാലയം അറിയിച്ചു. ഇതിനായുള്ള പദ്ധതികൾ ആവിഷ്‌കരിച്ചുവരുകയാണ്. 2021-ൽ കട്ടികുറഞ്ഞ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് ഒമാൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇപ്പോൾ രണ്ടും മൂന്നും പ്രാവശ്യം ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് ബാഗുകളാണ് വിപണിയിൽ എത്തുന്നത്.

10 വർഷത്തിനുള്ളിൽ ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് സമ്പൂർണനിരോധനം ഏർപ്പെടുത്തും. ഈലക്ഷ്യം നേടിയെടുക്കാൻ ഓരോവർഷവും നടപ്പാക്കേണ്ട പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയപ്പോൾ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഒമാൻ സമയപരിധി നൽകിയിരുന്നു. വിഷൻ-2040 നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ലോകനിലവാരത്തിലുള്ള പരിസ്ഥിതിസംരക്ഷണ നയങ്ങളും പദ്ധതികളും നടപ്പാനാണ് രാജ്യം തയ്യാറെടുക്കുന്നത്.