അബുദാബി : ഇലക്േട്രാണിക് മാധ്യമങ്ങളിൽ തെറ്റായ വിവരം പങ്കുവെച്ചാൽ മൂന്നുലക്ഷം ദിർഹംവരെ പിഴയും ഒരുവർഷംവരെ തടവും ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷൻ. വ്യാജവാർത്തകൾ, അടിസ്ഥാനരഹിതമായ വിവരങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരേയുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഫെഡറൽ നിയമം 34-ലെ ആർട്ടിക്കിൾ 19 പ്രകാരമാണിത്.

തെറ്റായ രേഖകൾ ഉൾക്കൊള്ളുന്ന വെബ്‌സൈറ്റോ, ഇലട്രോണിക് മാധ്യമങ്ങളോ കൈകാര്യം ചെയ്യുന്നവർ നിയമനടപടികൾക്ക് വിധേയമാകും. 30,000 മുതൽ 3,00,000 ദിർഹംവരെ പിഴയോ, ഒരുവർഷംവരെ തടവോ ഇത് രണ്ടും ചേർന്നോ ഉള്ള ശിക്ഷകൾ നിയമലംഘനത്തിന്റെ തോതിനനുസരിച്ച് ചുമത്തപ്പെടും. പൊതുജനങ്ങൾക്കിടയിൽ നിയമാവബോധം വളർത്തുന്നതിനും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനുമായുള്ള പ്രവർത്തങ്ങളും പബ്ലിക് പ്രോസിക്യൂഷൻ സജീവമാക്കിയിട്ടുണ്ട്.