അബുദാബി : പുതിയ വാരാന്ത്യ അവധി നിലവിൽ വന്നെങ്കിലും അബുദാബിയിലെ മവാഖിഫിന്റെ വാരാന്ത്യ സൗജന്യ പാർക്കിങ് വെള്ളിയാഴ്ചതന്നെ തുടരും.

നിലവിലെ ഡർബ്, മവാഖിഫ് സംവിധാനങ്ങൾ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ വെള്ളിയാഴ്ചകളിൽ തന്നെയായിരിക്കും സൗജന്യമായി പ്രവർത്തിക്കുകയെന്ന് സമഗ്ര ഗതാഗതകേന്ദ്രം വ്യക്തമാക്കി.

ശനിയാഴ്ചമുതൽ വ്യാഴാഴ്ചവരെ രാവിലെ ഏഴുമുതൽ ഒമ്പതുമണിവരെയും വൈകിട്ട് അഞ്ചുമുതൽ ഏഴുമണിവരെയും ഡർബ് ടോൾ ഗേറ്റുകൾ നാല് ദിർഹം നിരക്കിൽ ഫീസ് ഈടാക്കും. വെള്ളിയും പൊതു അവധിദിനങ്ങളിലും സൗജന്യമായിരിക്കും. ശനിമുതൽ വ്യാഴംവരെ രാവിലെ എട്ടുമണിമുതൽ രാത്രി 12 മണിവരെ മവാഖിഫ് പാർക്കിങ് നിരക്കീടാക്കും.

സമഗ്ര ഗതാഗതകേന്ദ്രം ഹാപ്പിനെസ് സെന്ററുകൾ തിങ്കൾമുതൽ വ്യാഴംവരെ രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുമണിവരെയും വെള്ളിയാഴ്ച രാവിലെ ഏഴുമണിമുതൽ രാത്രി 12 മണിവരെ തുറന്നുപ്രവർത്തിക്കും. പൊതു ബസുകളും ഫെറികളും സാധാരണ സമയക്രമം പാലിച്ച് സർവീസ് നടത്തും.