അബുദാബി : കോവിഡ് വാക്‌സിനേഷൻ അടക്കമുള്ള പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽപ്പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ‘ടുഗെതർ വി റിക്കവർ’ എന്ന സമൂഹമാധ്യമ ഹാഷ്ടാഗ് പ്രചാരണം തരംഗമാവുന്നു. ദേശീയ ദുരന്ത നിവാരണ വകുപ്പ് വിവിധ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്കെല്ലാം ‘ടുഗെതർ വി റിക്കവർ’ ഹാഷ്ടാഗും ചേരുന്നു.
മുതിർന്ന ആളുകളോടും വിട്ടുമാറാത്ത അസുഖങ്ങളുള്ളവരോടും നിശ്ചയദാർഢ്യക്കാരോടുമെല്ലാം വാക്‌സിൻ കുത്തിവെപ്പിന്റെ പ്രാധാന്യം വിശദമാക്കുന്നതും അവർ വാക്‌സിനേഷൻ നടത്തുന്നതുമായ ഒട്ടേറെ അവതരണങ്ങളാണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവരിലേക്ക് വാക്‌സിനേഷന്റെ പ്രാധാന്യം എത്തിക്കാൻ ഇത്തരം പദ്ധതികൾ സഹായിക്കുമെന്നതിനാലാണിത്. ഭരണ നേതൃത്വത്തിന്റെ ദീർഘവീക്ഷണപരമായ നയങ്ങൾ മഹാമാരിക്കെതിരേ ശക്തമായ കവചമൊരുക്കുന്നതിൽ യു.എ.ഇ.ക്ക് തുണയായിട്ടുണ്ട്.