ദുബായ് : ഫസ്സ ഫാൽക്കൺറി ചാമ്പ്യൻഷിപ്പിൽ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഫാൽക്കൺ അൻതറിന്റെ ശക്തമായ പങ്കാളിത്തം. ദുബായ് അൽ റുവയ്യ മരുഭൂമിയിൽ ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേഡ് സെന്റർ (എച്ച്.എച്ച്.സി.) ആണ് ചൊവ്വാഴ്ച ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. 400 മീറ്റർ മത്സരത്തിൽ അൻതർ മൂന്നാമതെത്തി. മൻസൂർ അലി അൽ കെറ്റ്ബി ഫാൽക്കൺ ഒന്നാമതും സ്വീഡൻ ബിൻ ഡെമൈതാൻ ഫാൽക്കൺ രണ്ടാമതുമെത്തി. ശൈഖ് ഹംദാന്റെ പിന്തുണ ഫാൽക്കൺറി കായികമേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചതായി എച്ച്.എച്ച്.സി. ചാമ്പ്യൻഷിപ്പ് ഡയറക്ടർ സുവാദ് ഇബ്രാഹിം ഡാർവിഷ് അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ പരമ്പരാഗത മത്സരങ്ങളിലൊന്നായ മത്സരം പക്ഷിസ്‌നേഹികളെയും പൊതുജനങ്ങളെയും ആകർഷിക്കുന്ന ചാമ്പ്യൻഷിപ്പാണ്. ലോകത്തിലെ ആദ്യത്തെ ഫാൽക്കൺ പറത്തൽ പരിശീലന കേന്ദ്രമുള്ളത് അൽഐനിലാണ്. മുഹമ്മദ് ബിൻ സായിദ് ഫാൽക്കൺറി ആൻഡ് ഡെസേർട് ഫിസിയോഗ്നമി സ്‌കൂൾ എന്ന പേരിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.