ദുബായ് : കഴിഞ്ഞവർഷം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ.) സാമൂഹിക സംരംഭങ്ങളിലൂടെ സഹായം ലഭിച്ചത് 22 ലക്ഷം പേർക്ക്.
ആർ.ടി.എ. ജീവനക്കാർ മുതൽ യു.എ.ഇക്ക് അകത്തും പുറത്തുമുള്ളവർക്കും സഹായമെത്തി. കോവിഡ് വെല്ലുവിളികളെ നേരിടുന്നതിനുള്ള സി.എസ്.ആർ. പ്രവർത്തനങ്ങളായിരുന്നു സംരംഭങ്ങളിൽ പ്രധാനം.
റംസാൻ കാലയളവിൽ 1,20,000 പേർ ഗുണഭോക്താക്കളായി. ആർ.ടി.എ. ചാരിറ്റി ഫൗണ്ടേഷൻ വഴി ഈജിപ്ത്, ടാൻസാനിയ, യുഗാൺഡ, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ സഹായമെത്തി.
മഗ്ഡി യാക്കൂബ് ഹ്യൂമാനിറ്റേറിയൻ ഹോസ്പിറ്റൽ നിർമാണത്തിന് 60 ലക്ഷം സഹായം നൽകി. 10 രാജ്യങ്ങളിൽ കിണറുകൾ കുഴിക്കാനുള്ള പിന്തുണയും അതിനായി സഹായവും നൽകി. കോവിഡ് മുൻനിര പോരാളികൾക്ക് 10,000 മുഖാവരണവും 13,500 ഇഫ്താറും മൂന്ന് മെഡിക്കൽ സ്ഥാപനങ്ങൾക്ക് നൽകി.
4800 ഇഫ്താർ പുരുഷ ടാക്‌സി ഡ്രൈവർമാർക്കും 210 ഇഫ്താർ വനിതാ ടാക്സി ഡ്രൈവർമാർക്കും നൽകി. ആർ.ടി.എ. ആപ്പിലൂടെ 600 ഇലക്‌ട്രോണിക് ഓഡിയോ ബുക്ക്, ആർട്ടിക്കിൾസ് വായിക്കാനുള്ള സംവിധാനമൊരുക്കി. ചാരിറ്റി പ്രവർത്തനത്തിലൂടെ നിർധനരായ 100 ജീവനക്കാർക്ക് 10 ലക്ഷം ദിർഹം സംഭാവനനൽകി. മുതിർന്ന പൗരന്മാർക്കും വിദ്യാർഥികൾക്കുമായി 500-ഓളം നോൽകാർഡുകൾ വിതരണം ചെയ്തതായും കോർപ്പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് സർവീസസ് സെക്ടറിലെ മാർക്കറ്റിങ് ആൻഡ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ റൗദ അൽ മെഹ്രിസി പറഞ്ഞു.