ഷാർജ : മഹാമാരിയെ പ്രതിരോധിച്ച് 2020-ൽ ഷാർജ എക്സ്‌പോ സെന്ററിൽ നടത്തിയത് 20 എക്സിബിഷനുകൾ. 2500-ലേറെ കമ്പനികളുടെയും ബ്രാൻഡുകളുടെയും പങ്കാളിത്തത്തോടെയാണ് പ്രദർശനങ്ങളേറെയും സംഘടിപ്പിച്ചത്.
കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെയായിരുന്നു പരിപാടികൾ. ആദ്യ രണ്ടുമാസങ്ങളിൽ ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഒമ്പത് എക്സിബിഷനുകൾ നടന്നു.
300-ലേറെ പ്രാദേശിക അന്താരാഷ്ട്ര കമ്പനികളെയും 700 പ്രമുഖ ബ്രാൻഡുകളെയും ഒരുമിച്ച് കൊണ്ടുവന്ന സ്റ്റീൽഫാബ് ആയിരുന്നു ഇതിൽ പ്രധാനം.
16 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 64 സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ ഒമ്പതാമത് ഇന്റർനാഷണൽ ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറം നടന്നു. ഏഴാമത് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് എക്സിബിഷനിലും വൻപങ്കാളിത്തമുണ്ടായി.
കർശന കോവിഡ് മാനദണ്ഡങ്ങളോടെ 11 ദിവസങ്ങളിലായി ആയിരത്തിലേറെ പ്രസാധകരും 3,82,000 സന്ദർശകരുമെത്തിയ ഷാർജ അന്താരാഷ്ട്ര പുസ്തകമേള നടന്നതും എക്സ്‌പോ സെന്ററിന്റെ പ്രീതി വർധിപ്പിച്ചു.