അബുദാബി : പോലീസ് സുരക്ഷാസേനയുടെ ചരിത്രം പറയുന്ന പ്രദർശനവുമായി അബുദാബി പോലീസ്. യു.എ.ഇ. യുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് സേനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും ജനങ്ങളുടെ ജീവിതത്തിൽ വരുത്തിയ സ്വാധീനവും സ്ഥാപക നേതാക്കളുടെ സംഭാവനകളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത് ചിട്ടപ്പെടുത്തിരിക്കുന്നത്.

പോലീസ് സേനയുടെ ഔദ്യോഗിക സ്ഥാപനത്തിനുമുമ്പേ മേഖലയുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നതായി പോലീസ് പൈതൃക വിഭാഗത്തിലെ ഗവേഷകൻ ഹസൻ സാലിഹ് മുഹമ്മദ് പറഞ്ഞു.

വെങ്കലയുഗത്തിലെ ശേഷിപ്പുകളെന്ന് വിശേഷിപ്പിക്കുന്ന 'ഉമ്മുൽ നാർ' കാലഘട്ടത്തിലെ സുരക്ഷാ രീതികളടക്കം പ്രദർശനത്തിൽ പ്രതിപാദിക്കുന്നു. യു.എ.ഇ. വെങ്കലയുഗ സംസ്കാരത്തിലും ജീവിതരീതിയിലും വെളിച്ചം വീശാൻ സഹായിച്ച മഹത്തായ കണ്ടെത്തലുകളിലേക്ക് നയിച്ച ഒരു പുരാവസ്തുകേന്ദ്രമാണ് ഉമ്മുൽ നാർ. ഈ ചെറിയ ദ്വീപ് ബി.സി. 2500-നും 2000-നും ഇടയിൽ പ്രാദേശിക വാണിജ്യത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. പുരാതന മെസൊപ്പൊട്ടേമിയ, സിന്ധു നാഗരികതകളുമായി ഈ ദ്വീപിലെ ആളുകൾ വ്യാപാരം നടത്തുന്നുണ്ടെന്ന് കരകൗശല വസ്തുക്കളുടെ പ്രത്യേകതയിലൂടെ വ്യക്തമാക്കുന്നു. പൗരാണികവും ചരിത്രപരവുമായ മേഖലയുടെ പ്രത്യേകതകൾ വേറെയും പ്രദർശനത്തിൽ വിശദമാക്കുന്നുണ്ട്.

യു.എ.ഇ.യുടെ ഏകീകരണവും എമിറേറ്റുകളുടെ സുരക്ഷാ പദ്ധതികളും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സംഭാവനകളും ആധുനിക പോലീസ് സംവിധാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക സ്ഥാനം വഹിച്ച മറ്റുനീക്കങ്ങളും പ്രദർശനത്തെ വേറിട്ടതാക്കുന്നു.