ദുബായ് : കമ്പനികളുടെ സുരക്ഷാ വ്യവസ്ഥകൾ പാലിക്കാതെയുള്ള പ്രവർത്തനങ്ങൾമൂലം 18 മാസത്തിനിടെ ഒരാൾ മരിക്കുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. പ്രധാനമായും നിർമാണ രംഗങ്ങളിലാണ് സുരക്ഷാ വീഴ്‌ചകൾ റിപ്പോർട്ടുചെയ്തിട്ടുള്ളത്. 2020 ജനുവരി മുതൽ 2021 ജൂലായ് വരെയുള്ള കാലഘട്ടത്തിലുണ്ടായ 145 അപകടങ്ങൾ ദുബായ് പോലീസ് ഫൊറൻസിക് എൻജിനിയറിങ് വിഭാഗമാണ് പരിശോധിച്ചത്. അപകടങ്ങളിൽ രണ്ടെണ്ണത്തിൽ കുട്ടികൾ ഉൾപ്പെട്ടതായും പോലീസ് വ്യക്തമാക്കി.

കെട്ടിട നിർമാണ സൈറ്റുകളിൽ ഭാരമേറിയ വസ്തുക്കൾ മുകളിൽനിന്ന് താഴേക്ക് വീണതുമൂലമാണ് കൂടുതൽ അപകടങ്ങളുമുണ്ടായിട്ടുള്ളത്. നിർമാണ സൈറ്റിലെ കുടിവെള്ളം ലഭ്യമാക്കുന്ന പൈപ്പിൽനിന്ന് ഷോക്കേറ്റാണ് ഒരാൾ മരിച്ചതെന്ന് ദുബായ് പോലീസ് ഫൊറൻസിക് വിദഗ്ധൻ ക്യാപ്റ്റൻ എൻജിനിയർ അബ്ദുല്ല റാഷിദ് അൽ അലി പറഞ്ഞു. നിലവാരമില്ലാത്ത ഇലക്ട്രിക് വയറിങ് മൂലം കൂളർ പൈപ്പിൽനിന്നാണ് ഷോക്കേറ്റത്. പൊതുജനങ്ങളുടെ ദാഹമകറ്റാൻ ചില വീടുകളുടെ മതിലുകളോടുചേർന്നും ഇത്തരത്തിൽ കൂളറുകൾ സ്ഥാപിച്ചത് കാണാനാകും. എന്നാൽ അത്തരം ഉപകരണങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനം കൃത്യതയോടെയാണെന്ന് ഉറപ്പാക്കാൻ ഉടമസ്ഥർ തയ്യാറാകണം. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ നടന്നാൽ ഉടമസ്ഥർക്ക് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാനാകില്ലെന്നും പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.

കുട്ടികൾ ഇരുന്ന സ്ഥലത്തെ ബിൽബോർഡ് നിലം പതിച്ചാണ് മറ്റൊരപകടമുണ്ടായത്. മതിയായ സുരക്ഷയില്ലാത്തതാണ് എല്ലാ അപകടങ്ങൾക്കും കാരണമായിരിക്കുന്നതെന്നും ഇക്കാര്യത്തിൽ സ്ഥാപനങ്ങളും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും പോലീസ് വ്യക്തമാക്കി.