അബുദാബി : ലുലു ഗ്രൂപ്പിന്റെ യു.കെ. വിഭാഗം ‘വൈ ഇന്റർനാഷണൽ യു.കെ'ക്ക് ഇന്റർനാഷണൽ ബിസിനസിലെ മികവിനുള്ള ഗ്രേറ്റർ ബർമിങ്ഹാം ചേംബർ ഓഫ് കൊമേഴ്‌സ് പുരസ്കാരം ലഭിച്ചു. യു.കെ. സാമ്പത്തിക രംഗത്ത് വലിയ സംഭാവനകൾ നൽകാനും ബർമിങ്ഹാം ബ്രാൻഡ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാനും വൈ ഇന്റർനാഷണലിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞതായി ചേംബർ സംഘാടകർ വ്യക്തമാക്കി. ഗ്രേറ്റർ ബെർമിങ്ഹാം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സ്റ്റീവ് അലനിൽനിന്ന് വൈ ഇന്റർനാഷണൽ ജനറൽ മാനേജർ ഫാഹിം മുഹമ്മദ് പുരസ്കാരം സ്വീകരിച്ചു.

ചേംബർ സി.ഇ.ഒ. ഹെൻറിറ്റ ബ്രിയേലി, വൈ ഇന്റർനാഷണൽ വെയർഹൗസ് മാനേജർ മുഈൻ അലി, മിഡിലീസ്റ്റ് പ്രൊക്വയർമെന്റ് ലൈസൺ മാനേജർ മൊഹമ്മദ് സനിജ് ബാബു, പ്രൊക്വയർമെന്റ് മാനേജർ നദീം ഹാഷ്മി എന്നിവർ സംബന്ധിച്ചു.

2015-ൽ സ്ഥാപിതമായ വൈ ഇന്റർനാഷണൽ ലുലു ഗ്രൂപ്പിന്റെ 213 ഹൈപ്പർമാർക്കറ്റുകളിലേക്ക് യു.കെ.യിൽ നിന്നുള്ള ഭക്ഷ്യ - ഭക്ഷ്യേതര ഉത്പന്നങ്ങൾ ലഭ്യമാക്കിവരുന്നു. 2021-ൽ അന്താരാഷ്ട്ര വാണിജ്യരംഗത്ത് 30 ശതമാനം വളർച്ചയും കമ്പനിക്ക് കൈവരിക്കാനായി. ബ്രിട്ടനിലെ ബിസിനസ് രംഗത്ത് നൽകിവരുന്ന സംഭാവനകൾ പരിഗണിച്ച് 2018-ൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ക്വീൻ എലിസബത്ത് ക്വീൻസ് പുരസ്കാരം നൽകിയാദരിച്ചിരുന്നു.