അബുദാബി : പൈതൃകക്കാഴ്ചകൾ അണിനിരത്തിക്കൊണ്ട് 18-മത് അന്താരാഷ്ട്ര നായാട്ട് പ്രദർശനം സെപ്റ്റംബർ 27 മുതൽ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന മേളയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വേട്ടപ്പരുന്തുകളുടെ പ്രദർശനവും വില്പനയുമായിരിക്കും ഏറ്റവും വലിയ ആകർഷണം.

യു.എ.ഇ.യുടെ പൈതൃകാഘോഷങ്ങളിൽ ഒഴിവാക്കാനാകാത്തതാണ് വേട്ടപ്പരുന്തുകളുടെ പ്രദർശനം. 35 മുതൽ 45 ലക്ഷം വരെ ഇന്ത്യൻ രൂപ വിലമതിക്കുന്ന പരുന്തുകളെ പ്രദർശനത്തിൽ കാണാനാകുമെന്ന് സംഘാടകർ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ മുൻവർഷങ്ങളിൽനിന്ന് വിഭിന്നമായി വേറിട്ട അവതരണരീതികൾകൂടി ഇത്തവണ പരീക്ഷിക്കും. കൂടുതൽ വനിതാ പ്രാതിനിധ്യവും ഇത്തവണത്തെ പ്രത്യേകതയായിരിക്കുമെന്ന് എമിറേറ്റ്സ് ഫാൽക്കണേഴ്‌സ് ക്ലബ്ബ് സെക്രട്ടറി ജനറലും നായാട്ടുപ്രദർശനത്തിന്റെ സംഘാടക സമിതി ചെയർമാനുമായ മാജിദ് അലി അൽ മൻസൂരി പറഞ്ഞു. പൈതൃകവും സംസ്കൃതിയും കായികവിനോദങ്ങളും വാണിജ്യമേളയുമെല്ലാം ഉൾപ്പെടുന്നതാകും ഇത്തവണത്തെ പ്രദർശനം. വേട്ടപ്പരുന്തുകൾക്ക് പുറമെ വേട്ടനായ്ക്കളുടെയും കുതിരകളുടെയും പ്രദർശനവും ലേലവും നായാട്ടുപകരണങ്ങളുടെ പ്രദർശനവും മത്സരങ്ങളും നടക്കും. ദേശീയ, അന്തർദേശീയ പ്രദർശകരുടെ പങ്കാളിത്തം ഇത്തവണ കൂടുമെന്നും മൻസൂരി വ്യക്തമാക്കി.