ദുബായ് : മഹാമാരിയുടെ തുടക്കം മുതൽ ദിവസേന പൊതുഗതാഗതമുപയോഗിക്കുന്നവരുടെ എണ്ണത്തിൽ റെക്കോഡ് രേഖപ്പെടുത്തി വ്യാഴാഴ്ചത്തെ കണക്കുകൾ. 13 ലക്ഷം ആളുകളാണ് സെപ്റ്റംബർ ഒമ്പതിന് വ്യാഴാഴ്ച ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയതെന്ന് ആർ.ടി.എ. അറിയിച്ചു. ഏറ്റവുമധികം ആളുകൾ യാത്രചെയ്യാൻ തിരഞ്ഞെടുത്തത് ടാക്സിയും ദുബായ് മെട്രോയുമാണ്. 5,16,409 ആളുകൾ ടാക്സിയിലും 4,58,060 ആളുകൾ മെട്രോയിലും യാത്ര ചെയ്തു. ഇതിൽ 3,11,090 ആളുകൾ റെഡ് ലൈനും 1,46,970 ആളുകൾ ഗ്രീൻ ലൈനും യാത്രക്കായി തിരഞ്ഞെടുത്തു. 15,932 ആളുകൾ ട്രാം സർവീസുകൾ പ്രയോജനപ്പെടുത്തി. പൊതു ബസുകളിൽ 2,54,420 ആളുകൾ യാത്ര ചെയ്തു. 21,502 ആളുകൾ ജലയാത്രാ സങ്കേതങ്ങളും 66,590 ആളുകൾ കാർ ഷെയറിങ് സർവീസുകളും യാത്രക്കായി തിരഞ്ഞെടുത്തു.

പൊതുഗതാഗത സംവിധാനങ്ങളിൽ ജനങ്ങൾക്ക് ലഭിച്ച ആത്മവിശ്വാസമാണ് ഈ വലിയ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ആർ.ടി.എ. ചെയർമാൻ മതാർ മുഹമ്മദ് അൽതയർ പറഞ്ഞു. രാജ്യം കോവിഡിനെതിരേ കൈക്കൊണ്ട പ്രതിരോധ നടപടികളുടെ വിജയമാണ് ഇതിന് അടിസ്ഥാനം. സാമൂഹികാകലം ഉറപ്പാക്കിക്കൊണ്ടുള്ള യാത്രാ സംവിധാനങ്ങൾ, കൃത്യമായ ഇടവേളകളിലെ അണുനശീകരണം, കുറ്റമറ്റ പരിശോധന, വാക്സിനേഷൻ എന്നിവയെല്ലാം പൊതുഗതാഗതമേഖലയിൽ തുടക്കം മുതൽക്കേ ഉറപ്പാക്കിയിരുന്നു. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷയുറപ്പാക്കുന്നതിന് അന്താരാഷ്ട്ര നിലവാരമുള്ള രീതികളാണ് നടപ്പാക്കിയത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂമിന്റെ സുരക്ഷിത നഗരമെന്ന ആശയത്തിലാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ആളുകൾക്ക് തൊഴിലെടുത്ത് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമെന്ന ഖ്യാതി നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ഓരോ മേഖലയിലും കാണാം. ഇതിന്റെ പ്രതിഫലനമാണ് ആളുകളെ പൊതുഗതാഗതമുപയോഗിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അൽ തയർ പറഞ്ഞു. 2021 മാർച്ചിൽ ദുബായ് ആരോഗ്യ വകുപ്പുമായി ചേർന്ന് ആർ.ടി.എ. പ്രത്യേക വാക്സിൻ യജ്ഞം നടപ്പാക്കിയിരുന്നു. ഇതിലൂടെ ടാക്സികളടക്കം എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ജോലിചെയ്യുന്ന ഡ്രൈവർമാർക്കും ജീവനക്കാർക്കും വാക്സിൻ ലഭ്യമാക്കാനായി. ജീവനക്കാരുടെ ആരോഗ്യസുരക്ഷയ്ക്ക് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. ഇതോടൊപ്പം തന്നെ അനുബന്ധ ഹോസ്പിറ്റാലിറ്റി രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും വാക്സിനുറപ്പാക്കിയതിലൂടെ ജനങ്ങളുടെ സ്വതന്ത്രസഞ്ചാരത്തിന് സുരക്ഷ ശക്തമാക്കാനായി.