ഷാർജ : ഒരു മിനിറ്റിനുള്ളിൽ പൂച്ചകളുടെ 40 വർഗങ്ങൾ തരംതിരിച്ച് പേരുപറഞ്ഞ ആലപ്പുഴ മാവേലിക്കര സ്വദേശി ആരുഷ് അരുൺ എന്ന ആറുവയസ്സുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്. അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ആരുഷ്.

കുഞ്ഞുനാൾമുതൽ പൂച്ചകളെ ഇഷ്ടപ്പെടുന്ന ആരുഷ് ഓൺലൈനിലൂടെയാണ് വ്യത്യസ്തമായ പൂച്ചകളുടെ 40 വർഗങ്ങൾ വേർതിരിച്ച് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പേരുകൾ പറഞ്ഞത്. സ്വർണനിറമുള്ള ആഫ്രിക്കൻ, അർജന്റീന, ഏഷ്യൻ പൂച്ചകളും കുഞ്ഞൻ പൂച്ചകളും കറുത്ത കാലടികളുള്ളവയും വിവിധ രാജ്യങ്ങളിൽ കണ്ടുവരുന്ന ആകൃതികളിൽ വലിയ വ്യത്യാസമുള്ള പൂച്ചകളും ആരുഷിന്റെ കണ്ടെത്തലിൽ ഉൾപ്പെടും. അതത് രാജ്യങ്ങളുടെ കാലാവസ്ഥകൾക്കനുസൃതമായി അധിവസിക്കുന്ന ഭീമൻ പൂച്ച വർഗങ്ങളുടെ പേരുകളും നൽകിയിട്ടുണ്ട്.

പൂച്ചകളുടെ സമാന വർഗത്തിലുള്ള കടുവ, സിംഹം തുടങ്ങിയവയും പേരും ചിത്രവും സഹിതം ആരുഷ് വെളിപ്പെടുത്തിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് നേടിയത്. വീട്ടിൽ വളർത്തുന്ന പൂച്ചകളും വലിയ കാടുകളിലടക്കം ജീവിക്കുന്ന വ്യത്യസ്ത പേരുകളിലുള്ള പൂച്ച വർഗങ്ങളുടെയും പേരുകൾ കുറഞ്ഞ സമയത്തിനുള്ളിൽ ആരുഷ് നൽകിയിരുന്നു. ചിത്രരചന, ക്രാഫ്റ്റ്, ഡാൻസ്, അഭിനയം എന്നിവയിലും താത്‌പര്യമുള്ള ഈ കൊച്ചുമിടുക്കൻ തമിഴ് നടൻ വിജയ്‌യുടെ കടുത്ത ആരാധകനുമാണ്.

ജെബൽ അലിയിൽ ഷിപ്പിങ് കമ്പനി ജീവനക്കാരനായ അരുൺ മോഹനന്റെയും ഹർഷയുടെയും മകനാണ് ആരുഷ് അരുൺ. കൂട്ടുകാരും സ്കൂൾ അധികൃതരും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ലഭിച്ചതിന് അഭിനന്ദനങ്ങൾ അറിയിച്ചുകഴിഞ്ഞു.