ദുബായ് : എക്സ്പോ വേദികളിലേക്ക് ആളുകളുടെ യാത്ര സുഖകരമാക്കാൻ സൗജന്യ ബസ് സർവീസുകൾ ലഭ്യമാക്കുമെന്ന് ആർ.ടി.എ. ഒമ്പത് കേന്ദ്രങ്ങളിൽനിന്ന് 126 എക്സ്പോ റൈഡർ ബസുകളാണ് സേവനം നടത്തുക. ഇതിനുപുറമെ ഹോട്ടലുകളിൽനിന്ന് സന്ദർശകരെ എത്തിക്കുന്നതിനായി രണ്ട് പുതിയ റൂട്ടുകൾ കൂടി ഉടൻ പ്രഖ്യാപിക്കും. എക്സ്പോ പാർക്കിങുകളിൽനിന്ന് ആളുകളെ കയറ്റി മടക്കയാത്രയും സുഖകരമാക്കും. ശനിയാഴ്ച മുതൽ വ്യാഴാഴ്‌ച വരെ 1956 സർവീസുകളും വാരാന്ത്യങ്ങളിൽ 2203 സർവീസുകളുമാണ് നടക്കുക. മൂന്ന് മുതൽ 60 മിനിറ്റ് ഇടവേളകളിൽ എക്സ്പോ റൈഡർ ബസുകൾ സേവനം നടത്തും. എക്സ്പോ സന്ദർശകർക്ക് സുഖകരവും സുരക്ഷിതവുമായ യാത്രാസംവിധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സമഗ്രസർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ആർ.ടി.എ. ഡയറക്ടർ ജനറൽ മതാർ മുഹമ്മദ് അൽ തയർ പറഞ്ഞു.

എക്സ്പോ റൈഡർ ബസ് റൂട്ടുകൾ

1) പാം ജുമൈറ - ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ ആറ് ബസുകൾ എക്സ്പോ വേദിയിലേക്കും തിരിച്ചും 54 സർവീസുകൾ നടത്തും. വ്യാഴം വെള്ളി ദിവസങ്ങളിൽ 57 സർവീസുകൾ നടത്തും. 15 മിനിറ്റ് ഇടവേളകളിലായിരിക്കും യാത്രകൾ

2) അൽ ബറാഹ - ഏഴ് ബസുകൾ 62 സർവീസുകൾ നടത്തും. വാരാന്ത്യങ്ങളിൽ 68 സർവീസുകൾ നടത്തും. 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസുകൾ.

3) അൽ ഗുബൈബ - 12 ബസുകൾ 74 സർവീസുകൾ നടത്തും. വാരാന്ത്യങ്ങളിൽ 76 സർവീസുകൾ നടക്കും. 15 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസുകൾ.

4) ഇത്തിസലാത്ത്‌ മെട്രോ സ്റ്റേഷൻ ഗ്രീൻ ലൈൻ - എട്ട് ബസുകൾ 70 സർവീസുകൾ നടത്തും. വാരാന്ത്യങ്ങളിൽ 72 സർവീസുകൾ നടത്തും.

5) ഗ്ലോബൽ വില്ലേജ് - മൂന്ന് ബസുകൾ എല്ലാ പ്രവൃത്തിദിനങ്ങളിലും 10 സർവീസുകൾ വീതം 60 മിനിറ്റ് ഇടവേളകളിൽ നടത്തും.

6, 7) ഇന്റർനാഷണൽ സിറ്റി, സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിൽനിന്ന് എട്ട് ബസുകൾ 78 സർവീസുകൾ നടത്തും. വ്യാഴം, വെള്ളി ദിവസങ്ങളിൽ 82 സർവീസുകൾ നടത്തും. 15 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസുകൾ.

8) ദുബായ് മാൾ - 5 ബസുകൾ 55 സർവീസുകൾ നടത്തും. വാരാന്ത്യങ്ങളിൽ 59 സർവീസുകളാക്കും. 20 മിനിറ്റ് ഇടവേളകളിലാണ് സർവീസുകൾ നടക്കുക.

9) ദുബായ് വിമാനത്താവളം - എല്ലാ ദിവസവും എട്ട് ബസുകൾ 20 മിനിറ്റ് ഇടവേളകളിൽ 52 സർവീസുകൾ നടത്തും.

കാർ പാർക്കിങ്ങുകളിൽനിന്ന് എക്സ്പോ വേദികളിലേക്ക് പാർക്കിങ് ഷട്ടിൽ സേവനമുണ്ടാകും. 57 ബസുകൾ 1191 സർവീസുകൾ പ്രവൃത്തി ദിനങ്ങളിലും വാരാന്ത്യങ്ങളിൽ 1377 സർവീസുകളും നടത്തും. മൂന്നുമുതൽ ഏഴ് മിനിറ്റ് ഇടവേളകളിലാണ് സർവീസുകൾ. എക്സ്പോയുടെ ഒരു ഗേറ്റിൽ നിന്നും മറ്റൊരു ഗേറ്റിലേക്ക് 15 ബസുകൾ 310 സർവീസുകൾ നടത്തും. വാരാന്ത്യങ്ങളിൽ 350 സർവീസുകളാക്കി ഉയർത്തും. ഇതിനുപുറമെ 12 ബസുകൾ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായും സജ്ജീകരിക്കും. യു.എ.ഇ.യുടെ മറ്റ് എമിറേറ്റുകളിൽനിന്നുള്ള സർവീസുകൾ ഇതിനകം ആർ.ടി.എ. പ്രഖ്യാപിച്ചിട്ടുണ്ട്.