ദുബായ് : എക്സ്പോയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഭാഗമാകുന്ന സമ്മേളനം നടക്കും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ പോലീസ് അസോസിയേഷന്റെ സഹകരണത്തോടെ 2022 മാർച്ച് 13 മുതൽ 16 വരെയാണ് സമ്മേളനം. ഗൾഫ് കേന്ദ്രമാക്കി ആഗോള സുരക്ഷയെന്ന ആശയത്തിൽ നടക്കുന്ന ആദ്യത്തെ പോലീസ് സമ്മേളനമായിരിക്കുമിത്. ഭാവി പോലീസ് സംവിധാനം, പൊതുസുരക്ഷ, നിയമനിർമാണവും പരിപാലനവും നിലവിലെ വെല്ലുവിളികൾ എന്നിവ സമ്മേളനം ചർച്ചചെയ്യും. നിയമനിർമാണ ഏജൻസികൾക്ക് വിവിധ വിഷയങ്ങളിൽ യോജിച്ചുള്ള ചർച്ചകൾ നടത്താനും കൂട്ടായ തീരുമാനം കൈക്കൊള്ളാനും ഇത് സഹായിക്കും. അന്തർദേശീയ ക്രിമിനൽ സംഘങ്ങളെയും സൈബർകുറ്റവാളികളെയും കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള ആശയങ്ങൾ കൈമാറാനും യോജിച്ചുള്ള പരിശീലന പദ്ധതികൾ നടപ്പാക്കാനും ഇതിലൂടെ സാധിക്കും.

സുരക്ഷാ മേഖലയ്ക്ക് ഒരുപാട് സാധ്യതകൾ തുറന്നിടുന്നതാകും ഈ സമ്മേളനമെന്ന് ദുബായ് പോലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പറഞ്ഞു. പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ വെല്ലുവിളിയുയർത്തുന്ന കാര്യങ്ങളെ നേരിടുന്നതിന് കൃത്യതയോടെയുള്ള പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കാൻ ഇത് സഹായകമാകും. ഭാവി പോലീസ് സംവിധാനം കുറ്റമറ്റതാക്കാൻ യോജിച്ച പരിശീലനം ആവശ്യമാണ്. ഇതോടൊപ്പം തന്നെ പോലീസ് സേനയ്ക്ക് മറ്റ് മേഖലകളിലെ സേനയുമായി നല്ല ബന്ധം സ്ഥാപിക്കാനും സമ്മേളനം സഹായിക്കുമെന്നും അൽ മാരി പറഞ്ഞു.

ഇന്റർപോൾ, യൂറോപോൾ, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ് ഓഫ് പോലീസ് (ഐ.എ.സി.പി), ആഭ്യന്തര മന്ത്രാലയം, നിയമ നിർമാണ സഭകൾ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ ദുബായിലെത്തും. ആഗോളസുരക്ഷയും പൊതുജനങ്ങളുടെ സംരക്ഷണവും കുറ്റമറ്റരീതിയിൽ നടപ്പാക്കാൻ സമ്മേളനം കരുത്തേകുമെന്ന് ഐ.എ.സി.പി. പ്രസിഡന്റ് സിൻദിയ റിനൗഡ് പറഞ്ഞു. എക്സ്പോ 2020-യുമായി ചേർന്നുവരുന്നുവന്നതിനാൽ പ്രവർത്തനങ്ങൾക്ക് ആഗോളശ്രദ്ധ ലഭിക്കുകയും ചെയ്യും. പൊതുസുരക്ഷയ്ക്ക് വെല്ലുവിളിയുയർത്തുന്ന കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് വിവിധമേഖലകളിൽ വിവിധ രീതികളാണ് നടപ്പാക്കിവരുന്നത്. പ്രദേശിക, ദേശീയ നിയമനിർമാണ സഭകളുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുക. അതിർത്തികൾക്കപ്പുറം നിന്നുകൊണ്ട് നടത്തുന്ന കുറ്റകൃത്യങ്ങളെ കൃത്യമായി മനസ്സിലാക്കി നടപടികൾ കൈക്കൊള്ളുന്നതിന് പ്രാദേശിക സേനയുമായടക്കം ആശയവിനിമയ സംവിധാനം വാർത്തെടുക്കാൻ സമ്മേളനത്തിലൂടെ സാധിക്കും. ഇത് ഭാവിയിൽ എല്ലാ രാജ്യങ്ങൾക്കും ഏറെ ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

നാലുദിവസം നീണ്ടുനിക്കുന്ന സമ്മേളനത്തിൽ 200 വിദഗ്ധർ വിഷയാവതരണം നടത്തും. 2000 പ്രതിനിധികൾ വിവിധ രാജ്യങ്ങളിൽനിന്നുമെത്തും. വീഡിയോ അനലിറ്റിക്സ്, ഫൊറൻസിക്, നിർമിത ബുദ്ധി, നൂതന ആശയവിനിമയ സങ്കേതങ്ങൾ എന്നിവയുടെ പോലീസ് സേനയിലെ സാധ്യതകൾ പങ്കുവെക്കും. ഐക്യരാഷ്ട്ര സഭയുമായി ചേർന്ന് ദുബായ് പോലീസ് ജനറൽ കാമൻഡ് പ്രത്യേക ലഹരിവിരുദ്ധ പദ്ധതി ആവിഷ്കരണവും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.