ദുബായ് : യു.എ.ഇ. യിലെ ഇന്ത്യൻ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡി 2 സ്പോർട്‌സ് അക്കാദമിയിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടത്തി. ഡബിൾസ് വിഭാഗത്തിൽ സുജിത്ത് സുന്ദരേശൻ -ഉണ്ണിക്കൃഷ്ണൻ സഖ്യവും സിംഗിൾസിൽ ശ്രീജിത്ത് ലാലും ജേതാക്കളായി. ഡബിൾസിൽ ജോമി അലക്സാണ്ടർ- ഷിൻസ് സെബാസ്റ്റ്യൻ സഖ്യവും സിംഗിൾസിൽ സുജിത്ത് സുന്ദരേശനും റണ്ണേഴ്‌സ് അപ്പായി.

കേരള രഞ്ജി ക്രിക്കറ്റ് റ്റീം മുൻ ക്യാപ്റ്റനും പരിശീലകനുമായ സോണി ചെറുവത്തൂർ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.

ചാമ്പ്യൻഷിപ്പിന്റെ മുഖ്യപ്രായോജകരായ കോബാൾട്ട് ഇക്കോടെക് എൻജിനിയേഴ്‌സ് പ്രതിനിധികളായ വനിതാ വിനോദ്, ചക്കി നായർ എന്നിവർ കാഷ് അവാർഡ് നൽകി. ഡി2 സ്പോർട്‌സ് അക്കാദമി മാനേജിങ്‌ പാർട്ണർമാരായ ഷാരൂൺ, റംഷീദ്, ടിഫിൻ ബോക്സ് റെസ്റ്റോറൻറ് ഗ്രൂപ്പ് ജനറൽ മനേജർ വിനോദ് വിഷ്ണുദാസ് എന്നിവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു. സോണി ചെറുവത്തൂരിനും സ്പോൺസർമാരായ എം.പി. വിനോദ്, കൃഷ്ണകുമാർ എന്നിവർക്കും മാധ്യമ കൂട്ടായ്മയുടെ ഉപഹാരം സമ്മാനിച്ചു.

ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ഗ്രൂപ്പിലെ ആരോഗ്യപ്രവർത്തകരുടെ സേവനം ലഭ്യമാക്കിയിരുന്നു. ലുലു ഗ്രൂപ്പും ചാമ്പ്യൻഷിപ്പുമായി സഹകരിച്ചു. കോ-ഓർഡിനേറ്റർമാരായ സുജിത് സുന്ദരേശൻ, ഷിനോജ് ഷംസൂദ്ദീൻ, സ്പോർട്‌സ് കൺവീനർ റോയ് റാഫേൽ എന്നിവർ നേതൃത്വം നൽകി. ഒളിമ്പിക്‌സ്- പാരാലിമ്പിക്സ് മെഡൽ ജേതാക്കൾക്ക് അഭിമാവാദ്യമർപ്പിച്ച് ദുബായ് അൽ നഹ്ദ ഡി 2 സ്പോർട്‌സ് അക്കാദമിയുടെ സഹകരണത്തോടെയായിരുന്നു ചാമ്പ്യൻഷിപ്പ്.