ദുബായ്: എക്സ്‌പോ അടക്കമുള്ള വൻ പരിപാടികളുടെ മറവിലും തൊഴിൽത്തട്ടിപ്പ് അരങ്ങേറുന്നതായി മുന്നറിയിപ്പ്. നേരത്തെയും ഇത് സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാജ കമ്പനികൾ ഓൺലൈനിൽ സൃഷ്ടിച്ചാണ് ഇത്തരക്കാർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പുനടത്തുന്നത്. യു.എ.ഇ.യിൽനടക്കുന്ന വൻ എക്സിബിഷനുകൾ, മറ്റു പരിപാടികൾ എന്നിവയിലേക്ക് ആളുകളെ ആവശ്യമുണ്ടെന്ന തരത്തിലുള്ള പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുനടത്തുന്നതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഉദ്യോഗാർഥികളോട് പണം ആവശ്യപ്പെട്ടാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. എന്നാൽ ഇവർക്ക് ഒരുവിധ അക്രഡിറ്റേഷനും ഇല്ലെന്ന് പിന്നീടാണ് മനസ്സിലാകുന്നത്.

ജോലി അന്വേഷിക്കുന്ന യുവതികൾ ഇത്തരത്തിൽ സംശായാസ്പദമായ കമ്പനികൾക്ക് അവരുടെ ഫോട്ടോകൾ നൽകരുതെന്നും അത്തരം ഫോട്ടോകൾ ദുരുപയോഗിച്ച് ബ്ലാക് മെയിൽ നടത്തുന്ന സംഭവങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്നും അബുദാബി പോലീസ് അറിയിച്ചു. എക്സ്‌പോ തുടങ്ങിയതോടെ ഇത്തരം ധാരാളം കമ്പനികൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായും പോലീസ് അറിയിച്ചു.