: ആഴ്ചയിലെ ആദ്യത്തെ പ്രവൃത്തിദിനമായ ഞായറാഴ്ചയാണ് ലോകോത്തര മേളയായ ദുബായ് എക്സ്‌പോ സന്ദർശിച്ചത്. വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന മേള കണ്മുന്നിലായപ്പോൾ മനസ്സിൽ ആശ്ചര്യവും സന്തോഷവുമെല്ലാം ഒരുമിച്ച അനുഭവമായി. രാവിലെ 11 മണിയോടെ എക്സ്‌പോ കവാടത്തിലെത്തി പാസ് സ്കാൻ ചെയ്യുകയും മറ്റുനടപടിക്രമങ്ങൾ പൂർത്തിയാക്കി അകത്തുകടക്കുകയും ചെയ്തു. ലോകത്തിലെ 192 രാജ്യങ്ങളുടെ സംസ്കാരങ്ങളും വിഭിന്ന സവിശേഷതകളുമായി നഗരിയിൽ പവിലിയനുകൾ വ്യത്യസ്തകൾ പുലർത്തി സ്ഥാപിച്ചിരിക്കുന്നു. ഒരു പവിലിയനിൽനിന്ന്‌ അടുത്ത പവിലിയനിലേക്ക് നടന്നോ എക്സ്‌പോയുടെ സൗജന്യ വാഹനങ്ങളിലോ സഞ്ചരിക്കാം. ആദ്യം കാണുന്ന പവിലിയനുകൾ മറ്റു രാജ്യങ്ങളുടേതാണെങ്കിലും ഇന്ത്യക്കാരുടെ പൊതുവികാരമായ ഇന്ത്യൻ പവിലിയനിൽത്തന്നെ ആദ്യമെത്തി. പറഞ്ഞുകേട്ടതും ഏറ്റവുംവലിയ പവിലിയൻ ഇന്ത്യയുടേതാണെന്നുതന്നെ. താഴത്തെനിലയിൽ യോഗയും ഇന്ത്യയുടെ ഹരിതാഭമായ പ്രകൃതിയും മാതൃകയായി കാണാം.

മുകളിലെ നിലയിൽ ഇന്ത്യയുടെ ഊർജ ഉത്പാദനങ്ങളും അതിന്റെ സവിഷേതകളും വിശദമാക്കുന്ന കാഴ്ചകൾ. ഇന്ത്യയിലെ ഊർജ നിലങ്ങളും ഉത്പാദനവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ കമ്പനികളും എൽ.ഇ.ഡി.സ്ക്രീനിൽ തെളിയുന്നു. താജ്മഹൽ അടക്കമുള്ള ലോകശ്രദ്ധയാകർഷിക്കുന്ന ഇന്ത്യയുടെ അഭിമാന ഗോപുരങ്ങളുടെ ത്രീഡി കാഴ്ചകളും കാണാൻ കഴിഞ്ഞു. യു.എ.ഇ.യിൽ പുതുതായി നിർമിക്കുന്ന അമ്പലങ്ങളും പട്ടേലിന്റെ കൂറ്റൻ പ്രതിമയും ഗുജറാത്തിനെ മാത്രം ഉയർത്തിക്കാട്ടുന്ന ഒട്ടേറെ കാഴ്ചകളും ഇന്ത്യ പവിലിയനിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളെയും ലോകത്തിന് പരിചയപ്പെടുത്തുന്ന കാഴ്ചകൾ വരുംദിവസങ്ങളിൽ പ്രദർശിപ്പിക്കുമെന്നും അറിയാൻ സാധിച്ചു.

ജപ്പാൻ പവിലിയൻ കൂടുതൽ വിസ്മയിപ്പിച്ചെന്നുവേണം പറയാൻ. പ്രവേശിക്കുമ്പോൾ തന്നെ ജപ്പാന്റെ സാങ്കേതികതകൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാനായി ഇയർഫോൺ അടക്കമുള്ള സംവിധാനങ്ങളും നൽകുന്നുണ്ട്. ഗ്രൂപ്പുകളായി തിരിച്ച് ജപ്പാനീസ് പെൺകുട്ടികൾ ഗൈഡുകളായി ഓരോ കാഴ്ചയും വിശദമാക്കിത്തന്നു. ജപ്പാന്റെ നേട്ടങ്ങളെല്ലാം വിശദമാക്കുന്ന കാഴ്ചകളും ത്രീഡി മാതൃകകളുമുണ്ട്. നമുക്ക് നിസ്സാരമെന്ന് തോന്നിയേക്കാവുന്ന വസ്തുക്കൾ കൊണ്ടാണ് ജപ്പാൻ പവിലിയനിൽ നേട്ടങ്ങളുടെ മാതൃകകൾ സൃഷ്ടിച്ചിരിക്കുന്നുവെന്നത് വേറിട്ട കാഴ്ചയാണ്.

പാകിസ്താൻ പവിലിയനിൽ കരകൗശല വസ്തുക്കളും കൈവേലകളുമാണ് കൂടുതലും പ്രദർശിപ്പിച്ചിരിക്കുന്നത്. മണ്ണുകൊണ്ടുണ്ടാക്കിയ പാത്രങ്ങളും മനോഹര ഉത്പന്നങ്ങളും മറ്റും ഇവയിൽ ഉൾപ്പെടും. 50 മുതൽ 75 ദിർഹം വരെ വിലവരുന്ന ‘കുഞ്ഞൻ കാഴ്ചവസ്തുക്കൾ’ പാകിസ്താൻ പവിലിയനിലുണ്ട്. പുതിയൊരു വ്യാവസായിക സംരംഭത്തിനോ നിക്ഷേപ സാഹചര്യത്തിനോ മുതൽകൂട്ടാവുന്ന കൂടുതൽ പ്രദർശനങ്ങളും അറിവും ദുബായ് എക്സ്‌പോയിലൂടെ നേടാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. വരുംദിവസങ്ങളിൽ കൂടുതൽ പവിലിയനുകൾ സന്ദർശിച്ച് അത്തരം അനുഭവങ്ങളും പങ്കുവെക്കാനാണ് ആഗ്രഹം.