മൂലപ്രകൃതിയായ ദേവി പൂർണരൂപത്തിലും മൂർത്തിഭേദത്തിലും അവതരിച്ചതിനുപുറമേ അംശമായും അവതരിച്ചിട്ടുണ്ട്. ഗംഗ, തുളസി, സ്വാഹ, സ്വധാ, ദക്ഷിണ, ഷഷ്ടിദേവി, മംഗളചണ്ഡിക, മനസാദേവി, കാളി, ഭൂമി, സുരഭി എന്നിവർ ദേവിയുടെ അംശാവതാരങ്ങളാണ്.

ഗംഗ: ദേവിയുടെ അംശാവതാരമായ ഗംഗ, സരസ്വതിയുടെ ശാപത്താലാണ് നദിയായത്. ബ്രഹ്മാവ് മഹാവിഷ്ണുവിന്റെ കാൽകഴുകിയ ജലമാണ് ഗംഗാനദിയായി ലോകത്തെ ശുദ്ധമാക്കുന്നത്. ഭഗീരഥന്റെ കഠിനപ്രയത്നത്തിന്റെ ഫലമായാണ് ഗംഗ ഭൂമിയിലേക്കുവന്നത്. ഭാഗീരഥി, ജാഹ്നവി, ഹൈമവതി, മന്ദാകിനി, അളകനന്ദ എന്നീ പേരുകളിൽ ഗംഗ അറിയപ്പെടുന്നു. ബ്രഹ്മാവിന്റെ ശാപത്താലാണ് ഗംഗ മനുഷ്യസ്ത്രീയായി ഭൂമിയിലേക്കുവന്ന് ശന്തനുരാജാവിന്റെ ഭാര്യയായത്. ശന്തനുവിന് ഗംഗയിലുണ്ടായ പുത്രനാണ് ഭീഷ്മർ. ഗംഗ പിന്നീട് മഹാദേവനു പ്രിയയാവുന്നു. ഗംഗ, ലക്ഷ്മി, സരസ്വതി എന്നിവർ സദാ വിഷ്ണുസന്നിധിയിൽ വസിക്കുന്നവരായിരുന്നു.

തുളസി: ധർമധ്വജൻ എന്ന രാജാവിന് മാധവിയിലുണ്ടായ മകളാണ് തുളസി. ‘തുലാം അസ്യതി ഇതി തുളസി’. തുലനം അറ്റവൾ എന്നാണ് തുളസി എന്ന പദത്തിനർഥം. സരസ്വതിയുടെ ശാപത്താലാണ് ലക്ഷ്മി തുളസിയായത്. പിന്നീട്, മഹാവിഷ്ണുവിന്റെ വചനത്താൽ തുളസിയുടെ ശരീരം ഗണ്ഡകി എന്ന നദിയും തലമുടി തുളസി എന്ന ചെടിയുമാവുന്നു. ഭാരതത്തിലെ ജനങ്ങളെ അനുഗ്രഹിക്കാനാണ് തുളസി സസ്യരൂപത്തിലായത്. ദേവപൂജയ്ക്കുള്ള പുഷ്പങ്ങളിൽ പ്രധാനമാണ് തുളസി.

‘വൃന്ദാ, വൃന്ദാവനി, വിശ്വപൂജിതാ, വിശ്വപാവനി

പുഷ്പസാര, നന്ദിനി, ച തുളസി, കൃഷ്ണജീവിനി’

തുളസിയുടെ ഇൗ എട്ടു നാമങ്ങൾ ചൊല്ലുന്നവന് എല്ലാ അഭീഷ്ടങ്ങളും പ്രാപ്തമാവും.

സ്വാഹ: ദേവന്മാർ സ്വന്തം ആഹാരമെന്തെന്ന് തീർച്ചയാക്കാൻവേണ്ടി ബ്രഹ്മസഭയിൽച്ചെന്ന് നിവേദനം നടത്തി. അപ്പോൾ ബ്രഹ്മാവ് മഹാവിഷ്ണുവിനെ സ്മരിച്ചു. മഹാവിഷ്ണു മൂലപ്രകൃതിയെ ധ്യാനിക്കാൻ പറഞ്ഞു. മൂലപ്രകൃതി പ്രത്യക്ഷപ്പെട്ട് വരംവരിക്കാൻ പറഞ്ഞു. അപ്പോൾ, ബ്രഹ്മാവ് അഗ്നിയുടെ ദാഹകശക്തിയാവാനുള്ള വരംവരിച്ചു. അന്നുമുതൽ സ്വാഹാന്നമായി മന്ത്രം ജപിച്ച് അഗ്നിയിൽ ഹവിസ്സ് അർപ്പിച്ചുവരുന്നു. സ്വാഹാദേവിയെ പൂജിക്കുന്നവന് എല്ലാവിധ ഐശ്വര്യവുമുണ്ടാവും. സ്വാഹയോടുകൂടാത്ത മന്ത്രജപത്തിന് ഫലമുണ്ടാവില്ല.

സ്വധാ: പിതൃക്കളുടെ പത്നിയാണ് സ്വധാദേവി. പിതൃപ്രീതിക്ക് ഉത്തമമാണ് സ്വധാചരിതം. ത്രിസന്ധ്യയും ശ്രാദ്ധതർപ്പണങ്ങളും വേദാധ്യയനവും അനുഷ്ഠിക്കാത്തവർ വിഷമില്ലാത്ത സർപ്പത്തിനുതുല്യമാണ്.

വിശപ്പുകൊണ്ടാർത്തന്മാരായ പിതൃക്കൾ ബ്രഹ്മാവിനെ ശരണംപ്രാപിച്ചു. ബ്രഹ്മാവ് ഒരു കന്യകയെ സൃഷ്ടിച്ച് പിതൃക്കൾക്കുനൽകി. അവളാണ് സ്വധാദേവി. പിതൃകർമം ചെയ്യുമ്പോൾ സ്വധാന്തമായും ദേവകർമം ചെയ്യുമ്പോൾ സ്വാഹാന്തമായും ചെയ്യണം. ശ്രാദ്ധതർപ്പണസമയത്ത് സ്വധാദേവിയെ ധ്യാനിക്കണം.