ഷാർജ: കുഞ്ഞുപ്രായത്തിൽ സമൂഹത്തിൽ കരുണ ചെയ്ത് മാതൃകയാവുകയാണ് 11-കാരിയായ അവനി രമേശ്. അർബുദ രോഗികൾക്ക് സാന്ത്വനമായി സ്വന്തം മുടി ദാനംചെയ്ത അവനി വേറിട്ട മാതൃകയായി. ദുബായ് ജെംസ് മോഡേൺ അക്കാദമി സ്കൂൾ വിദ്യാർഥിനിയാണ് ഈ കൊച്ചു ജീവകാരുണ്യപ്രവർത്തക. അർബുദം ബാധിച്ചവർക്കായി മുടി ദാനം ചെയ്യാനുള്ള അവനിയുടെ ആഗ്രഹം ആദ്യമറിയിച്ചത് മാതാപിതാക്കളോടായിരുന്നു. മകളുടെ ആഗ്രഹത്തിന് വീട്ടിൽനിന്നും സമ്മതം ലഭിച്ചപ്പോൾ മുടി ദാനം ചെയ്യുകയായിരുന്നു. പാവപ്പെട്ട അർബുദ രോഗികൾക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്യുക മാത്രമാണെന്നും രോഗം ബാധിച്ചവരെ മാറ്റിനിർത്തുകയല്ല ചേർത്തുനിർത്തുകയാണ് വേണ്ടതെന്നും അവനി പറയുന്നു. പാലക്കാട് സ്വദേശികളായ രമേശിന്റെയും ശ്രീജയുടെയും മകളാണ് അവനി രമേശ്. അഗ്രത രമേശ് അനുജത്തിയാണ്.