ഷാർജ : കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുണ്ടാക്കിയ വിപ്ലവകാരി കെ.ആർ. ഗൗരിയമ്മയുടെ ഭരണമികവും രാഷ്ട്രീയധാർമികതയും പ്രവാസലോകവും ഓർക്കുന്നു. ഗൾഫ് മലയാളികൾക്കിടയിലും ഗൗരിയമ്മയുടെ വേർപാട് അത്രയും ചർച്ചയാകുന്നതും അവരുടെ നൂറ്റാണ്ടുജീവിതം നൽകിയ അനുഭവസമ്പത്തുതന്നെ. എ.കെ. ആന്റണി മന്ത്രിസഭയിൽ വ്യവസായമന്ത്രിയായിരിക്കെയാണ് അവസാനമായി കെ.ആർ. ഗൗരിയമ്മ യു.എ.ഇ.യിലെത്തിയത്. അവരുടെ അവസാന വിദേശയാത്രയും അതായിരുന്നു. അന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ നൽകിയ സ്വീകരണമായിരുന്നു ഗൗരിയമ്മയുടെ പ്രധാനചടങ്ങ്.

കാച്ചിക്കുറുക്കി കേരളരാഷ്ട്രീയവും കമ്യൂണിസ്റ്റ് വിപ്ലവ സമരാവേശനാളുകളും അന്നത്തെ വിപ്ലവവീര്യവുമെല്ലാം ഗൗരിയമ്മ പ്രസംഗത്തിൽ പ്രതിപാദിച്ചു. കേരളം വികസനവഴികളിലൂടെ മുന്നോട്ടുപോകേണ്ട ആവശ്യകതയും അതിൽ പ്രവാസികൾക്കുള്ള പങ്കാളിത്തവും ഗൗരിയമ്മ സൂചിപ്പിച്ചു. സംസ്ഥാനത്ത് നിക്ഷേപവും നൂതന വ്യവസായവും വരാനായി പ്രയത്നിക്കണമെന്ന് അന്നത്തെ ചെറു പ്രസംഗത്തിൽ ഗൗരിയമ്മ ആഹ്വാനംചെയ്തു. കേരളത്തിൽ ഇനിയുള്ള കാലം കാർഷിക സംസ്കാരം മാത്രമല്ല ഐ.ടി. വിപ്ലവം കൂടിയാണെന്നും സ്വീകരണയോഗത്തിൽ ഊന്നിപ്പറഞ്ഞതായി അന്നത്തെ അസോസിയേഷൻ ഭാരവാഹികൾ ഓർക്കുന്നു. ഷാർജയിൽ വീണ്ടും വരാമെന്ന് വാക്കുനൽകിയാണ് അന്ന് ഗൗരിയമ്മ യാത്രപറഞ്ഞത്. കെ.ആർ. ഗൗരിയമ്മയെ വിവിധ സംഘടനകളും ഓർമിച്ചു.

കെ.ആർ. ഗൗരിയമ്മയെക്കുറിച്ചുള്ള ഓർമകൾ കാലാതീതമാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ അനുശോചനത്തിൽ പറഞ്ഞു. കേരളത്തിലെ ഭൂപരിഷ്കരണ നയമടക്കം ഗൗരിയമ്മയുടെ സംഭാവന ചരിത്രത്തിന്റെ ഭാഗമാണെന്നും ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, വൈസ് പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം എന്നിവരും ഓർമിച്ചു. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നെന്ന് ഇൻകാസ് യു.എ.ഇ. ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി എന്നിവർ പറഞ്ഞു. കേരളം കെട്ടിപ്പടുക്കുന്നതിൽ ഗൗരിയമ്മയുടെ പങ്ക് ചരിത്രത്തിൽ നിറഞ്ഞുനിൽക്കുമെന്ന് കെ.എം.സി.സി. യു.എ.ഇ. കമ്മിറ്റി ജനറൽ സെക്രട്ടറി നിസാർ തളങ്കര സൂചിപ്പിച്ചു.

ധീരമായ നിലപാടുകൾ സ്വീകരിച്ച നേതാവായ ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്താൻ സാധിക്കാത്തത് സി.പി.എമ്മിന്റെ നിഷേധനിലപാടുകളുടെ ഭാഗമാണെന്ന് ഒ.ഐ.സി.സി. ഗ്ലോബൽ സെക്രട്ടറി അഡ്വ.ടി.കെ. ഹാഷിക് വ്യക്തമാക്കി.

ഷാർജ ഒ.ഐ.സി.സി. പ്രസിഡന്റ് ബിജു എബ്രഹാം, ഇൻകാസ് ഷാർജ കാസർകോട് ജില്ലാ സെക്രട്ടറി എ.വി. മധു, യുവകലാസാഹിതി യു.എ.ഇ. കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, ഷാർജ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഭാരവാഹി പ്രദീപ് നെന്മാറ, മാസ് ഷാർജ എന്നിവരും അനുശോചിച്ചു.

കേരളം കണ്ട ഉരുക്കുവനിതയായിരുന്നു കെ.ആർ. ഗൗരിയമ്മയെന്ന് യു.എ.ഇ.യിലെ കണ്ണൂർ ജില്ലാ പ്രവാസി കൂട്ടായ്മയായ വെയ്ക്ക് ഭാരവാഹി അബ്ദുൽഖാദർ പനക്കാട്, ഇൻകാസ് ഷാർജ മലപ്പുറം ജില്ലാകമ്മിറ്റി ഭാരവാഹി പ്രഭാകരൻ പന്ത്രോളി, ഓവർസീസ് എൻ.സി.പി. ഭാരവാഹികളായ രവി കൊമ്മേരി, സിദ്ദിഖ് ചെറുവീട്ടിൽ എന്നിവർ അനുശോചിച്ചു.

ഓർമ

പാർശ്വവത്കരിക്കപ്പെട്ടവർക്കായി തന്നാലാവുന്നതെല്ലാം ചെയ്ത ധീര വനിതാ നേതാവായിരുന്നു ഗൗരിയമ്മയെന്ന് ഓർമ പ്രസിഡന്റ് അൻവർ ഷാഹി, സെക്രട്ടറി കെ.വി സജീവൻ എന്നിവർ അനുസ്മരിച്ചു. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ഒരു പോലെ ഇഴചേർന്ന ഗൗരിയമ്മയുടെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് ഓർമ രക്ഷാധികാരിയും ലോക കേരളസഭാംഗവുമായ എൻ.കെ. കുഞ്ഞുമുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു.

ശക്തി തിയറ്റേഴ്‌സ്

കേരളത്തിന്റെ ചരിത്രം തിരുത്തിയെഴുതുകയും ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും ചെയ്ത വിപ്ലവനായികയാണ് കെ.ആർ. ഗൗരിയമ്മയെന്ന് അബുദാബി ശക്തി തിയറ്റേഴ്‌സ് അനുസ്മരിച്ചു.

സ്ത്രീകൾ സമൂഹത്തിന്റെ പിന്നരങ്ങിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന കാലത്ത് കരുത്തോടെ പൊതുസമൂഹത്തെ മുന്നിൽനിന്ന്‌ നയിച്ച ധീരനായികയെയാണ് ഈ വിയോഗത്തോടെ നഷ്ടമായതെന്ന് ശക്തി തിയറ്റേഴ്‌സ് ആക്ടിങ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും അനുശോചിച്ചു.