ഷാർജ : പാർക്കുചെയ്ത വാഹനങ്ങളിൽനിന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന സംഭവങ്ങൾ ഷാർജയിൽ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ഷാർജയിലെ താമസയിടങ്ങൾ, വ്യാപാരകേന്ദ്രങ്ങൾക്കുസമീപം, വ്യവസായ മേഖല എന്നിവിടങ്ങളിൽനിന്നെല്ലാം പാർക്കുചെയ്ത വാഹനങ്ങളിൽനിന്ന് സാധനങ്ങൾ മോഷണം പോകുന്ന സംഭവങ്ങൾ കൂടിവരുന്നതിനാലാണ് ഷാർജ പോലീസ് നിരീക്ഷണം ശക്തമാക്കിയത്. അടുത്തിടെ റോള, അബുഷഗാര, നബ തുടങ്ങിയ സ്ഥലങ്ങളിൽനിന്നെല്ലാം മലയാളികളുടെയടക്കം വാഹനങ്ങളുടെ ഗ്ലാസ് തകർത്ത് സാധനങ്ങൾ മോഷണം ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ലാപ്ടോപ്, ക്യാമറ, മൊബൈൽ, പഴ്‌സ്, പ്രധാന രേഖകൾ തുടങ്ങിയവ കവർച്ച ചെയ്യപ്പെട്ടതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. പാർക്കുചെയ്ത വാഹനങ്ങളടക്കം മോഷണം പോകുന്നതായും പരാതി ലഭിക്കുന്നുണ്ടെന്ന് ബുഹൈറ പോലീസ് സ്റ്റേഷനിലെ ലെഫ്. കേണൽ മുഹമ്മദ് ബിൻ ഹൈദർ പറഞ്ഞു.

പോലീസ് നിർദേശങ്ങൾ

മോഷണസംഭവങ്ങൾ ഉടൻ പോലീസിൽ അറിയിക്കണം. ഫോൺ: 999, 901. ടോൾഫ്രീ : 800151

വിലപിടിപ്പുള്ള സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കരുത്, വാഹനങ്ങൾ പാർക്കുചെയ്യുമ്പോൾ ശരിയായി ലോക്ക് ചെയ്യുകയും ഗ്ളാസ് കൃത്യമായി ഉയർത്തുകയും വേണം.

വിജനമോ വെളിച്ചമില്ലാത്ത സ്ഥലങ്ങളിലോ വാഹനങ്ങൾ പാർക്കുചെയ്യരുത്.

നാട്ടിലേക്ക് പോകുമ്പോൾ വാഹനങ്ങൾ ശ്രദ്ധിക്കാൻ ആരെയെങ്കിലും ഏർപ്പാട് ചെയ്യുകയും അംഗീകൃത സ്ഥലങ്ങളിൽ പാർക്കുചെയ്യുകയും വേണം.