ദുബായ് : യു.എ.ഇ.യിലെ ഗതാഗത സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ പുതിയ സംവിധാനങ്ങളൊരുങ്ങുന്നു. ഗതാഗതമേഖലയിലെ പുത്തൻ സംവിധാനങ്ങൾകൂടി പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും മികച്ച രാജ്യമായി യു.എ.ഇ. മാറുമെന്ന കാര്യത്തിൽ സംശയമില്ല. ലോകത്തെ മറ്റേതൊരു ഗതാഗതത്തിനെക്കാൾ ‘കുറഞ്ഞനിരക്കിൽ കൂടുതൽ സൗകര്യങ്ങളെ’ന്ന ആശയം മുൻനിർത്തിയാണ് സംവിധാനങ്ങളൊരുങ്ങുന്നത്. ദുബായിലെ ആകാശ ട്രെയിനുകളും ഷാർജയിലെ സ്കൈ പോഡുകളും നിർമാണവും പരീക്ഷണയോട്ടവും അന്തിമഘട്ടത്തിലാണ്.

ദുബായിൽ ആകാശട്രെയിനുകൾ

അതിവേഗം ബഹുദൂരം കുതിക്കുന്ന ദുബായുടെ വികസനവേഗത്തിന് മാറ്റുകൂട്ടാൻ വരുന്നു ആകാശട്രെയിനുകൾ. ആകാശത്ത് പ്രത്യേക പാതയൊരുക്കി ട്രെയിനുകൾ പറക്കുന്ന അത്ഭുതക്കാഴ്ചയാണ് താമസിയാതെ ദുബായിൽ വരുന്നത്. ചൈനീസ് സ്കൈ റെയിൽ കമ്പനിയുമായി ഇതുസംബന്ധിച്ച പ്രാഥമികകരാറിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) ഒപ്പുവെച്ചു.

ദുബായിലെ ഗതാഗത സംവിധാനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കുമിതെന്ന് ആർ.ടി.എ. ചീഫ് എക്സിക്യുട്ടീവ് അബ്ദുൽ മുഹ്‌സിൻ യുനൂസ് പറഞ്ഞു. ഴോങ് ടാങ് സ്കൈ റെയിൽ കമ്പനിയുമായി ചേർന്നാണ് ആർ.ടി.എ. പദ്ധതി നടപ്പാക്കുന്നത്. ചൈനയിലെ ചെങ്ടുവിൽ ഈ പദ്ധതിയുടെ പരീക്ഷണ ഓട്ടം നിലവിൽ നടക്കുന്നുണ്ട്. 2016-ലാണ് ഇതിന് തുടക്കംകുറിച്ചത്.

താഴെനിന്നും അഞ്ചുമീറ്റർ ഉയരത്തിലാണ് ചെങ്ടുവിലെ ആകാശത്തീവണ്ടി പറക്കുന്നത്. മണിക്കൂറിൽ 60 കിലോമീറ്ററാണ് സ്പീഡ്. 230 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാം. നഗരയാത്രയ്ക്ക് ഏറെ സൗകര്യപ്രദമാണിത്. ലിഥിയം ബാറ്ററി ഉപയോഗിച്ചാണ് ആകാശട്രെയിനുകളുടെ പ്രവർത്തനം. ഭൂമിക്കടിയിലൂടെ തീവണ്ടിയോടിക്കുന്ന ദുബായ് നഗരത്തിന്റെ മുന്നേറ്റത്തിന് ആകാശത്തീവണ്ടി ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ദുബായ് പാം ജുമൈറയിൽ മോണോ റെയിൽ സേവനവും ട്രാം സർവീസും നിലവിലുണ്ട്.

ഷാർജ സ്‌കൈ പോഡ് മുന്നോട്ട്

ഷാർജ : ശരാശരി 120-125 കിലോമീറ്റർ വേഗതയിൽ 60 സെക്കന്റിൽ 2.4 കിലോമീറ്റർ ദൂരംവരെ കുതിക്കും ഷാർജയിലെ ഹൈ സ്പീഡ് ഇലക്‌ട്രിക് സ്‌കൈ പോഡുകൾ. കേബിളിൽ കൊളുത്തിയിട്ട പോഡുകളിൽ കയറിയുള്ള യാത്രയ്ക്ക് ഇനി അധികം കാത്തിരിക്കേണ്ടിവരില്ല. ഷാർജയിലെ സ്കൈ വേ യാത്രയ്ക്കൊരുങ്ങുകയാണ്. കുതിപ്പിന്റെ കാര്യത്തിൽ മാത്രമല്ല, നിലവിൽ ലോകത്ത് ലഭ്യമായ മറ്റേതൊരു പരമ്പരാഗത ഗതാഗത സംവിധാനത്തേക്കാളും നിരക്ക് കുറവായിരിക്കും. ഇന്ധനച്ചെലവും കുറയും. കൂടാതെ ഇതിലെ ഇലക്‌ട്രിക് മോട്ടോർ സൗരോർജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും സ്‌കൈ പോഡ് നിർമാണത്തിന് പുറകിലെ രണ്ട് സ്ഥാപനങ്ങളിലൊന്നായ യുസ്‌കൈ ട്രാൻസ്‌പോർട്ട് ചീഫ് എക്സിക്യുട്ടീവ് ഒലെഗ് സാരെറ്റ്‌സ്കി പറഞ്ഞു.

സ്കൈ പോഡ് പ്രവർത്തനപരിശോധനകൾ കൂടിയേ ഇനി പൂർത്തിയാക്കാനുള്ളു. പ്രാരംഭ സുരക്ഷാ പരിശോധനകൾ കഴിഞ്ഞു. ഒക്ടോബറിൽ എക്സ്‌പോ 2020-ന്‌ മുൻപായി പ്രവർത്തനം ആരംഭിക്കുന്നതിനായി സജ്ജീകരിച്ച ദൈർഘ്യമേറിയ ടെസ്റ്റ് ട്രാക്ക് ഓട്ടം നടക്കുകയാണ്. ഷാർജ റിസെർച്ച് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിലാണ് ആദ്യഘട്ടമായി പാതയൊരുക്കിയിരിക്കുന്നത്. ഈ ട്രാക്കുകൾ പ്രാദേശിക നെറ്റ് വർക്കിലും ഉൾപ്പെടുത്തും. ബെലാറസിലെ സ്കൈ വേ ടെക്‌നോളജീസിനാണ് നിർമാണച്ചുമതല. 2.4 കിലോമീറ്ററിൽ രണ്ട് ട്രാക്കുകൾ ഉണ്ട്. ഒന്ന് എക്സ്‌പോ 2020-ന്‌ മുൻപായി പൂർത്തിയാകും. മറ്റൊന്ന് 2022 മേയ്‌ മാസത്തോടെയും പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സ്കൈ പോഡിന്റെ പാസഞ്ചർ മോഡലിന് യാത്രക്കാരുൾപ്പെടെ നാലുടൺ ഭാരം വഹിക്കാനാവും. കാർഗോ മോഡലിന് 12 മീറ്റർ കൺടെയ്‌നർ എത്തിക്കാനാവും. മൂന്നുവർഷത്തിനുള്ളിൽ ഷാർജ മുതൽ ഖോർഫക്കാൻ വരെ 130 കി.മീ. പാതയുണ്ടാക്കുകയാണ് ലക്ഷ്യം. 100 വർഷത്തെ പ്രവർത്തന കാലാവധിയാണ് സ്കൈ പോഡിനുണ്ടാവുക. നാലുപേർക്ക് കയറാൻ യു. കാർ, 16 പേർക്കുള്ള യു. ബസ്, ട്രെയിനുകൾ പോലുള്ളവ എന്നിങ്ങനെ ഭാവിയിൽ പലവിധ മോഡലുകൾ ഇറങ്ങാനും സാധ്യതയുണ്ട്.