ഷാർജ : പ്രവാസത്തിലെ 45 വർഷം പിന്നിട്ട് സുമരാജ് സ്വദേശത്തേക്ക് മടങ്ങുന്നു. ഇത്രയും കാലത്തിനിടയിൽ യു.എ.ഇ.യുടെ വിവിധയിടങ്ങളിൽ ജോലിചെയ്ത അനുഭവങ്ങളുമായാണ് മടക്കം. റാസൽഖൈമയിലെ ആസ്റ്റ് എന്ന കമ്പനിയിൽ ജോലിചെയ്താണ് പ്രവാസത്തിന്റെ തുടക്കം. ഉമ്മുൽഖുവൈനിൽ പോളിബിറ്റ് എന്ന കമ്പനിയിൽ 21 വർഷം ജോലിചെയ്താണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നത്.

കൊല്ലം കടയ്ക്കൽ ആഴാന്തകുഴി പങ്കജിൽ സുമരാജ് 1975 ജൂൺ ഏഴിനാണ് ആദ്യമായി യു.എ.ഇ.യിലെത്തിയത്. മുംബൈയിൽനിന്ന് മുഹമ്മദീയ എന്ന കപ്പലിലായിരുന്നു ആദ്യയാത്ര.

ഹൈസ്‌കൂൾ അധ്യാപകനായിരുന്ന പിതാവ് കെ.എൻ. വാസുമാസ്റ്റർ സർവീസിൽനിന്ന് പിരിയുമ്പോൾ കിട്ടിയ തുക ഉപയോഗിച്ചാണ് വിസ സംഘടിപ്പിച്ചതെന്ന് സുമരാജ് പറഞ്ഞു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെല്ലാം പല കമ്പനികളിലായി ജോലിചെയ്തു, കൂടാതെ സഹോദരനൊപ്പം ഷാർജയിൽ ബിസിനസ് തുടങ്ങിയെങ്കിലും മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല.

യു.എ.ഇ.യുടെ വളർച്ചയോടൊപ്പം സുമരാജിന്റെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായ കാലമായിരുന്നു പിന്നിട്ടത്. നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേരെ സുമരാജ് യു.എ.ഇ.യിൽ കൊണ്ടുവരികയും ജോലി സംഘടിപ്പിച്ചുനൽകുകയും ചെയ്തിട്ടുണ്ട്. സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി, ഷാർജ ഇന്ത്യൻ അസോസിയേഷൻ, കടയ്ക്കൽ ഒരുമ എന്നിവയിലും അംഗമാണ്. ഭാര്യ: സുശീല. മക്കൾ: നവിൻ, നവ്യ. ഈ മാസം 15-ന് സുമരാജ് നാട്ടിലേക്ക് മടങ്ങും.