ദുബായ് : ഇന്ത്യൻ കോൺസുലേറ്റിന്റെ ബ്രേക്ക് ഫാസ്റ്റ് വിത്ത് കോൺസൽ ജനറൽ പദ്ധതിയുടെ നാലാം പതിപ്പിന്റെ ഭാഗമായി കോൺസൽ ജനറൽ ഡോ. അമാൻപുരി റാസൽഖൈമയിലെത്തി. എമിറേറ്റിലെ ഡാബർ ഇന്റർനാഷണലിന്റെ അനുബന്ധ സ്ഥാപനമായ നാച്വർ എൽ.എൽ.സി. സന്ദർശിച്ചു. വെള്ളിയാഴ്ചയായിരുന്നു സന്ദർശനം. അവിടെയുള്ള ഇന്ത്യൻ തൊഴിലാളികളുമായും സംവദിക്കുകയും പ്രഭാതഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്തു. കോൺസൽ തടു മാമു, ജനറൽ മാനേജർ അഞ്ജൻ ദാസ്, സി.ഇ.ഒ. കൃഷ്ണൻ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥറും സംബന്ധിച്ചു. വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു. കോൺസൽ ജനറലിന്റെ നേതൃത്വത്തിൽ കാമ്പസിൽ വൃക്ഷത്തൈ നട്ടു. തൊഴിലാളികൾക്കായി പ്രത്യേക യോഗാ ക്ലാസും നടന്നു. തൊഴിലാളികളുടെ സേവനത്തിനായി കോൺസുലേറ്റ് എല്ലാ ദിവസവും 24 മണിക്കൂറും പ്രതിജ്ഞാബദ്ധമാണെന്നും പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര (പി.ബി.എസ്.കെ.) വഴി നേരിട്ടോ, വാട്സാപ്പ് വഴിയോ, ഇ-മെയിൽ, മൊബൈൽ ആപ്പ്, ടോൾ ഫ്രീ നമ്പർ (80046342) വഴിയോ സേവനങ്ങൾ ലഭ്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, പ്രവാസി ഭാരതീയ സാഹായ കേന്ദ്രമായി സംയുക്തമായാണ് ബ്രേക്ക് ഫാസ്റ്റ് വിത്ത് കോൺസൽ ജനറൽ പദ്ധതി സംഘടിപ്പിക്കുന്നത്. മാസത്തിലെ എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും കോൺസൽ ജനറൽ ഡോ. അമാൻ പുരി വിവിധ ലേബർ ക്യാംപുകൾ സന്ദർശിച്ച് തൊഴിലാളികളുമായി നേരിട്ട് സംവദിക്കുകയും അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും.