ദുബായ് : പൊണ്ണത്തടിയുള്ളവരിൽ കോവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്ന് യു.എ.ഇ. ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരിൽ മൂന്നിരട്ടിയോളമാവാനാണ് സാധ്യതയെന്ന് ആരോഗ്യ വിദ്യാഭ്യാസ പ്രമോഷൻ ഡയറക്ടർ ഡോ.ഫാദില മുഹമ്മദ് ഷെരീഫ് പറഞ്ഞു. ഇവർക്ക് ശ്വാസകോശത്തിന് ശേഷിക്കുറവുണ്ടാകാം. അതുമൂലം ശ്വസനതടസ്സവും അനുഭവപ്പെടാം. രോഗപ്രതിരോധശേഷിയും ഇത്തരക്കാരിൽ കുറവായിരിക്കും. അതുകൊണ്ടുതന്നെ ന്യൂമോണിയപോലുള്ള രോഗങ്ങൾ പിടിപെടാനും സാധ്യത കൂടുതലാണ്. അതോടെ കോവിഡ് വൈറസ് ബാധ ഗുരുതരമാകും. ഇത്തരക്കാർക്ക് നീണ്ടകാലത്തെ ആശുപത്രിവാസവും തുടർചികിത്സകളും വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

ആഗോളപഠനം ചൂണ്ടിക്കാട്ടുന്നത് പ്രകാരം 60 വയസ്സിന് മുകളിലുള്ള ഹൃദ്രോഗ, വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവരിലും പ്രമേഹമുള്ളവരിലും കോവിഡ് ബാധിച്ചാൽ രോഗം ഗുരുതരമാകാം. ഇവർക്കായി യു.എ.ഇ. ആരോഗ്യമന്ത്രാലയം പ്രത്യേക ബോധവത്കരണം തുടങ്ങിയിട്ടുണ്ടെന്ന് യു.എ.ഇ.യിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിരോധശേഷി ക്രമേണ കുറവുള്ള ഇത്തരക്കാർ കോവിഡ് വാക്സിൻ സ്വീകരിച്ച് ആരോഗ്യസുരക്ഷ ഉറപ്പാക്കണം. മഹാമാരിയുടെ ആദ്യനാളുകളിൽ അമിതവണ്ണമുള്ള രോഗികൾക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും മന്ത്രാലയം പ്രത്യേക ശ്രദ്ധയും ആരോഗ്യ പരിചരണവും നൽകിയിരുന്നതായി ആരോഗ്യ ക്ലിനിക്കുകളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ.ഹുസൈൻ അൽ റാൻഡ് വിശദീകരിച്ചു.

അമിതവണ്ണത്തിന്റെ തോത് വളരെക്കാലമായി യു.എ.ഇ.യിൽ ആശങ്കാജനകമാണ്. ഏപ്രിലിൽ പുറത്തിറങ്ങിയ ഗ്ലോബൽ ഒബിസിറ്റി പട്ടികയിൽ യു.എ.ഇ. 26-ാം സ്ഥാനത്തായിരുന്നു.

-ന് മുകളിലുള്ള 95 ശതമാനംപേരും വാക്സിനെടുത്തു

:യു.എ.ഇ.യിൽ 60 വയസ്സിനുമുകളിൽ പ്രായമുള്ള 95 ശതമാനം പേരും കോവിഡ് വാക്സിൻ സ്വീകരിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ.തായർ അൽ അമേരി അറിയിച്ചു.

യു.എ.ഇ. ജനസംഖ്യയുടെ അർഹതപ്പെട്ടവരിൽ 85 ശതമാനവും വാക്സിനെടുത്തു. ലോകത്തെ ഏറ്റവും മികച്ച വാക്സിനേഷൻ ക്യാമ്പുകളിൽ ഒന്നാണ് യു.എ.ഇ.യിലേത്. കൂടാതെ കോവിഡ് പ്രതിരോധത്തിനായി ഒട്ടേറെ ഫീൽഡ് ആശുപത്രികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. നിലിവൽ വാക്സിൻ രണ്ടുഡോസ് എടുത്തവർക്കും ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്തവർക്കുമാണ് പൊതുപരിപാടികളിൽ പ്രവേശനത്തിന് അനുമതിയുള്ളു. അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. എല്ലാ കോവിഡ് മാനദണ്ഡങ്ങളും നിർബന്ധമായും പാലിച്ചിരിക്കണം. രോഗത്തിന്റെ തീവ്രത ഒരുപരിധിവരെ കുറയ്ക്കാൻ ഇതുകൊണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.