ഷാർജ : കേരളത്തിൽ കോവിഡ് ദുരിതമനുഭവിക്കുന്നവർക്കുള്ള അക്കാഫിന്റെ (അഖില കേരള കോളേജ് പൂർവ വിദ്യാർഥി കൂട്ടായ്മ) രണ്ടാംഘട്ട സഹായം ശനിയാഴ്ച തിരുവനന്തപുരത്തേക്ക് പോകും. നോർക്ക റൂട്ട്‌സിന്റെ കെയർ ഫോർ കേരളയുടെ ‘കേരളത്തിന് കൈത്താങ്ങായി’ ആശ്വാസപദ്ധതിയുടെ ഭാഗമായി അക്കാഫ് മൊത്തം 17 ലക്ഷത്തിലേറെ രൂപയുടെ ഉപകരണങ്ങളാണ് കൈമാറുന്നത്. കോവിഡ് രോഗികൾക്കുള്ള 20 ഓക്സിജൻ കോൺസെൻട്രേറ്റർ, 500 പൾസ് ഓക്സീമീറ്റർ എന്നിവയാണ് തിരുവനന്തപുരം മെഡിക്കൽ സർവീസ് സംഘത്തിന് രണ്ടുഘട്ടങ്ങളായി നൽകുന്നത്. രോഗികൾക്കുള്ള ഓക്സിജൻ കോണ്‌സെൻട്രേറ്ററിന് പുറമെ രക്തത്തിൽ ഓക്സിജന്റെ അളവ് പരിശോധിക്കുന്നതിനുള്ള പൾസ് ഓക്സീമീറ്ററിന്റെ ആവശ്യകതയും കേരളത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് അക്കാഫിന്റെ സഹായമെത്തുന്നത്.

153 കോളേജ് അലംനികളുടെ കൂട്ടായ്മയാണ് അക്കാഫ്. 60,000 അംഗങ്ങളുള്ള അക്കാഫ് ഇതുകൂടാതെ യു.എ.ഇ.യിലും നാട്ടിലുമായി നിരവധി കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നു. അക്കാഫിൽ അംഗമായ കൊല്ലം ടി.കെ.എം. കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് ഗ്ലോബൽ അലംനി യു.എ.ഇ. ചാപ്റ്റർ നൽകുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ രേഖകൾ അക്കാഫ് രക്ഷാധികാരി പോൾ ടി. ജോസഫിന് ഷമീർ ഷാജഹാൻ, ബൈജു ഇല്യാസ് എന്നിവർ കൈമാറി.