ഷാർജ : പത്തനംതിട്ട ജില്ലയിലെ പന്നിവിഴ എൽ.പി. സ്കൂൾ, വടക്കടത്ത് കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ നിർധന വിദ്യാർഥികൾക്ക് അടൂർ എൻ.ആർ.ഐ. ഫോറം പഠനസഹായം കൈമാറി. സ്കൂൾ അധികൃതരുടെ നിർദേശത്തിൽ പന്നിവിഴ എൽ.പി. സ്കൂളിലെ 11 കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. സഹായം പ്രധാനാധ്യാപിക ബിന്ദു ഏറ്റുവാങ്ങി. അടൂർ നഗരസഭാ ചെയർമാൻ ഡി. സജി, അടൂർ എൻ.ആർ.ഐ. ഫോറം ജനറൽ സെക്രട്ടറി ഖൈസ് പേരേത്ത് എന്നിവർ പഠനസഹായം കൈമാറി. നഗരസഭാംഗങ്ങളായ ബിന്ദു, ലാലി സജി, അടൂർ എൻ.ആർ.ഐ. ഫോറം ഭാരവാഹി പ്രവീൺ ഭാസ്കരൻ എന്നിവർ സംസാരിച്ചു.

വടക്കടത്ത് കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പത്, 10 ക്ലാസുകളിലെ നിർധനരായ 25 വിദ്യാർഥികൾക്ക് പാഠപുസ്തകം നൽകി. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂർപ്പുഴ, ഖൈസ് പേരേത്ത്, രാജശേഖരൻ എന്നിവർ സ്കൂളിന് കൈമാറി. വാർഡംഗം രാജേഷ് ആമ്പാടി, സണ്ണി പറക്കോട്, പ്രവീൺ ഭാസ്കരൻ എന്നിവർ സംസാരിച്ചു.