ദുബായ് : ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന സമീപഭാവിയിൽ അവസാനിക്കുമെന്ന് ദുബായ് എയർപോർട്ട് മേധാവി പോൾ ഗ്രിഫിത്ത്‌സ് പറഞ്ഞു. ലോകത്തെ മിക്ക വിമാനത്താവളങ്ങളിലൂടെയും യാത്രചെയ്യുന്നവർക്ക് കോവിഡ് പൊട്ടിപ്പുറപ്പെട്ടശേഷം ഏതെങ്കിലുംവിധേനയുള്ള കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടിവന്നിട്ടുണ്ട്. യാത്രാസ്വാതന്ത്ര്യം സാധാരണമാക്കേണ്ട സമയമായെന്ന് പോൾ ഗ്രിഫിത്ത്‌സ് വ്യക്തമാക്കി.

വ്യോമയാനവ്യവസായം വളരെവേഗം സാധാരണനിലയിലാകുമെന്നാണ് വിശ്വസിക്കുന്നത്. പുതിയ കോവിഡ് വകഭേദത്തിന്റെ പേരിൽ നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. ഈയൊരു കാലത്തിനൊപ്പം ഇനി ജീവിക്കാനാകണം. ആളുകൾക്ക് അവരുടെ ജീവിതം തിരികെ ലഭിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

ലണ്ടൻ ഹീത്രൂവിന്റെ ചീഫ് എക്സിക്യുട്ടീവായ ജോൺ ഹോളണ്ടും സമാനമായ പ്രസ്താവന കഴിഞ്ഞദിവസം നടത്തിയിരുന്നു. എല്ലാ പരിശോധനാസംവിധാനങ്ങളും നീക്കംചെയ്ത് സേവനം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തികസമ്മർദം ലഘൂകരിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തിരുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് പരിശോധന നടത്തുന്ന രീതി പൂർണമായും അവസാനിപ്പിക്കണം. പുതിയ വകഭേദത്തിന്റെ വ്യാപനത്തിൽ അധിക നടപടികൾ കാര്യമായ ഗുണംചെയ്യില്ലെന്നും ജോൺ ഹോളണ്ട് വ്യക്തമാക്കി.

അതേസമയം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2021 നവംബറിൽമാത്രം 38.79 ലക്ഷത്തിലേറെ യാത്രക്കാരാണ് എത്തിയത്. കഴിഞ്ഞ ഒക്ടോബർ മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന 13.36 ശതമാനമാണ്.

എന്നാൽ, 2020 നവംബറുമായി യാത്രക്കാരുടെ എണ്ണത്തെ താരതമ്യംചെയ്താൽ 2021 നവംബറിലെ യാത്രക്കാരുടെ വർധന 144.6 ശതമാനമാണ്. 2021 ജനുവരി മുതൽ നവംബർ വരെയുള്ള യാത്രക്കാരുടെ എണ്ണം 2.46 കോടി കവിഞ്ഞതായും ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 198 വിമാനത്താവളങ്ങളിലേക്കാണ് ദുബായിൽനിന്ന് വിമാനങ്ങൾ പറക്കുന്നത്. 2021 അവസാനിക്കുമ്പോൾ 89 ദേശീയ വിമാനങ്ങൾ 92 രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ലോകത്തെ ഏറ്റവുംതിരക്കുള്ള വിമാത്താവളങ്ങളിലൊന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം.