ദുബായ് : വീട്ടിനകത്തും ബാൽക്കണിയിലും ബാർബിക്യു ചെയ്യരുതെന്ന നിർദേശംനൽകി ദുബായ് മുനിസിപ്പാലിറ്റി. അടഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലൊന്നും ബാർബിക്യു പാടില്ല. പാചകംചെയ്യുമ്പോൾ തീയിൽനിന്ന് സംരക്ഷണം നൽകുന്ന കൈയുറകൾ ധരിക്കണം. ആവശ്യം കഴിഞ്ഞാലുടൻ തീ കെടുത്തണം. കുട്ടികളെ തീയുടെ അടുത്തേക്ക് വരാൻ അനുവദിക്കരുത്. തീ കത്തിക്കാനുപയോഗിക്കുന്ന ഇന്ധനം സുരക്ഷിതമായി മാറ്റിവെക്കണം.

മത്സ്യവും മാംസവും ബാർബിക്യു ചെയ്യുമ്പോൾ ഉയരുന്ന കനത്ത പുക സമീപ ഫ്ളാറ്റുകളിലുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇതിന്റെ രൂക്ഷഗന്ധം പലർക്കും ഇഷ്ടപ്പെടണമെന്നില്ലെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പുക കെട്ടിനിന്നാൽ തലവേദനവും മയക്കവുമെല്ലാം അനുഭവപ്പെടാൻ സാധ്യതയുണ്ട്.

വില്ലകളിൽ പരമ്പരാഗത രീതിയിൽ തീ കത്തിക്കുമ്പോൾ പുക പുറത്തുപോകാൻ സംവിധാനമുണ്ടാകണം. തണുപ്പുകാലമായതുകൊണ്ടുതന്നെ ഉറങ്ങുമ്പോൾ തീ കത്തിച്ചിടുന്നതും സുരക്ഷിതമല്ല. ഇതുമൂലം പലയിടത്തും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.