അബുദാബി : ഡോ. ബി.ആർ. ഷെട്ടിക്കെതിരായുള്ള നിയമപോരാട്ടത്തിൽ ബാർക്ലെയ്‌സ് പി.എൽ.സി.ക്ക് അനുകൂലവിധി. ഇതുപ്രകാരം ബി.ആർ. ഷെട്ടി 13.1 കോടി യു.എസ്. ഡോളർ ബാർക്ലെയ്‌സ് പി.എൽ.സി.ക്ക് നൽകണം. ബാർക്ലെയ്‌സുമായുള്ള 2020-ലെ ഇടപാട് കരാർ പാലിക്കുന്നതിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിദേശനാണ്യവിനിമയസ്ഥാപനം പരാജയപ്പെട്ടതിനാൽ ദുബായ് കോടതി പണം നൽകാൻ ഉത്തരവിട്ടിരുന്നു.

ഇതിനുശേഷം ലണ്ടൻ കോടതിയിൽനടന്ന വാദത്തിൽ ബി.ആർ. ഷെട്ടി സാമ്പത്തികമായി തകർന്നതായി അഭിഭാഷകൻ അറിയിക്കുകയും നിയമത്തിന്റെ ആനുകൂല്യത്തിനായി അഭ്യർഥിക്കുകയും ചെയ്തിരുന്നു. എന്നാൽ, ലണ്ടൻ കോടതിയും അപേക്ഷ നിരസിക്കുകയായിരുന്നു. വിധിക്കെതിരേ അപ്പീലിന് പോകുമെന്ന് ഷെട്ടിയുടെ വക്കീൽ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ച് ബാർക്ലെയ്‌സിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും തന്നെയുണ്ടായിട്ടില്ല.