അബുദാബി : അനുവദനീയമല്ലാത്ത ഇടങ്ങളിലൂടെ റോഡ് മുറിച്ചുകടന്നതിന് പിടിവീണത് 7873 പേർക്ക്. ഗുരുതര അപകടങ്ങൾക്ക് വഴിവെക്കുന്ന പ്രവണതയാണ് ഇതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

വാഹനങ്ങൾ ചീറിപ്പായുന്ന നിരത്തുകളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യരുത്. സീബ്രാലൈനിലൂടെ മാത്രം റോഡുകൾ മുറിച്ചുകടക്കണം. വേഗത്തിൽ വരുന്ന വാഹനങ്ങളിൽ ഉള്ളവർക്ക് പെട്ടെന്ന് ഇത്തരത്തിൽ റോഡിനുകുറുകെ പോകുന്നവരെ കാണാൻ കഴിയണമെന്നില്ല. മാത്രവുമല്ല, പെട്ടന്ന് ആളുകളെ കണ്ട് നിർത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയും അധികമാണ്.

കൃത്യമായ ട്രാഫിക് സിഗ്‌നലുകൾ പരിശോധിച്ച് മാത്രം ആളുകൾ റോഡുകൾ മുറിച്ചുകടക്കാൻ ശ്രമിക്കണം. നിയമലംഘകർക്ക് 400 ദിർഹമാണ് പിഴ ചുമത്തുന്നത്. അപകടകരമാംവിധം റോഡ് മുറിച്ചുകടക്കുന്നവരുടെ ദൃശ്യങ്ങളടക്കം പങ്കുവെച്ചുകൊണ്ട് പോലീസ് ബോധവത്കരണം ശക്തമാക്കിയിരിക്കുകയാണ്.