ദുബായ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലെ ചില സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ ഒരാഴ്ചത്തേക്കുകൂടി നീട്ടി. 17-ന് നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്നാണ് വിവരം.

ദുബായിൽ 28-ഓളം സ്വകാര്യ സ്കൂളുകളാണ് നിലവിൽ ഓൺലൈൻ ക്ലാസുകൾ തുടരുന്നത്. അതേസമയം കഴിഞ്ഞയാഴ്ച ഓൺലൈൻ പഠനത്തിലേക്ക് പ്രവേശിച്ച ചില സ്വകാര്യ സ്കൂളുകൾ തിങ്കളാഴ്ച നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു.

ദുബായ് ജെംസ് എജ്യുക്കേഷൻ സ്കൂളുകൾക്ക് ഓൺലൈൻ പഠനം ആവശ്യാനുസരണം വിപുലീകരിക്കുന്നതിന് നോളജ് ആൻഡ് ഹ്യൂമൺ ഡെവലപ്‌മെന്റ് അതോറിറ്റി അനുമതി നൽകിയിട്ടുള്ളതായി ചീഫ് ഓപ്പറേഷൻസ് ഓഫീസർ അറിയിച്ചു. എങ്കിലും സ്കൂളുകളിൽ ചിലത് ഘട്ടംഘട്ടമായി നേരിട്ടുള്ള പഠനത്തിന് വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഓരോ സ്കൂളുകളുടെയും നിലവിലെ സാഹചര്യത്തിനനുസരിച്ചാണ് തീരുമാനം കൈക്കൊള്ളുക.