ദുബായ് നിരത്തുകളിലെ മാറ്റുവാഹനങ്ങളെപ്പോലെത്തന്നെ ഇ-സ്കൂട്ടുകൾക്കും വ്യവസ്ഥകൾ കർശനമാക്കാനൊരുങ്ങി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ഇ-സ്കൂട്ടറുകൾക്കായി മികച്ച അടിസ്ഥാനസൗകര്യങ്ങൾ സജ്ജമാക്കുന്നതിനോടനുബന്ധിച്ചാണിത്.

ഇ-സ്കൂട്ടറുകൾ നഗരഗതാഗതത്തിൽ നിർണായകമായ ഒന്നായി മാറിയിരിക്കുകയാണ്.

അതുകൊണ്ടുതന്നെ അവയുടെ കൃത്യമായ ഉപയോഗം ഉറപ്പുവരുത്തേണ്ടതുമുണ്ടെന്ന് ആർ.ടി.എ. എക്സിക്യുട്ടീവ് ഡയറക്ടർ ഹുസൈൻ അൽ ബന്ന പറഞ്ഞു.

കൂടുതൽപ്പേർ ഈ ഗതാഗതരീതിയെ ആശ്രയിക്കുന്നതോടൊപ്പം തന്നെ ഇതുമൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണത്തിലും കാര്യമായ വർധനയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇ-സ്കൂട്ടർ അപകടങ്ങളെതുടർന്ന് ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നവരുടെ എണ്ണവും ഉയർന്നതായി ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

ഇവയുടെ കുറ്റമറ്റ ഉപയോഗം വിശദമാക്കുന്നതിന് അന്താരാഷ്ട്ര കമ്പനികളുടെ സേവനം തേടിയിട്ടുണ്ട്. വ്യവസ്ഥകൾ പാലിക്കാത്തവർക്കെതിരേയുള്ള നടപടികൾ കർശനമാക്കുമെന്നും അൽ ബന്ന പറഞ്ഞു.

പ്രധാന വ്യവസ്ഥകൾ

ഇ-സ്കൂട്ടർ ഉപയോക്താക്കൾക്ക് 16 വയസ്സുമുതലുള്ള പ്രായപരിധി നിശ്ചയിക്കും.

ഹെൽമെറ്റ് നിർബന്ധമാണ്.

അനുവദിച്ച സ്ഥലങ്ങളിലൂടെമാത്രം ഇത് ഉപയോഗിക്കണം.

പരമാവധി വേഗപരിധി മണിക്കൂറിൽ 20 കിലോമീറ്ററാണ്.

ഇ-സ്കൂട്ടറുകൾക്കിടയിൽ ആവശ്യമായ അകലം പാലിക്കണം.

കാൽനടയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്.

അനുദനീയമായ ഇടങ്ങളിൽ മാത്രം ഇവ നിർത്തണം

വാടകയ്ക്കെടുത്തവയും സ്വന്തം സ്കൂട്ടറുകളും ഉപയോഗിക്കാം.

വാടകയ്ക്കെടുക്കുന്നവയ്ക്ക് പ്രത്യേക വ്യവസ്ഥകൾ ബാധകമായിരിക്കും. 20 കിലോമീറ്ററിലധികം വേഗത്തിൽ ഉപയോഗിക്കാൻ കഴിയാത്തവിധം ഇവയുടെ സംവിധാനം സജ്ജമാക്കണം.

സ്വകാര്യമായി വാങ്ങുന്നവയ്ക്ക് ആവശ്യമായ ഗുണനിലവാരമുണ്ടെന്ന് ഉറപ്പാക്കണം. ഇവയുടെ ചക്രങ്ങളുടെ നിലവാരവും ശ്രദ്ധിക്കണം.