ദുബായ് : യു.എ.ഇ. യിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി. രാജ്യത്ത് നിയമലംഘനത്തിന് പ്രേരണ നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്ന് യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷനും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്. സൈബർ കുറ്റകൃത്യങ്ങൾക്കുൾപ്പെടെ ഒരു ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയായിരിക്കും പിഴയായി ലഭിക്കുക. കൂടാതെ കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് ജയിൽശിക്ഷയും ലഭിച്ചേക്കാം.

അൽ ഹൊസൻ ആപ്പിൽ നിന്നുള്ള ചില കോവിഡ് രോഗികളുടെ വിവരങ്ങൾ ചിത്രങ്ങളായും വീഡിയോകളായും പ്രചരിപ്പിക്കുന്നതും അതിനൊപ്പം കമന്റുകളും പാട്ടുകളും ചേർത്ത് രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികളെ പരിഹസിക്കുന്നതും അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

കോവിഡ് പ്രതിരോധ നടപടികളെ ലംഘിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നടപടികളൊന്നും രാജ്യത്ത് അനുവദനീയമല്ല. ഇത്തരം പ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ കിംവദന്തികളും തടയാനുള്ള യു.എ.ഇയിലെ 2021-ലെ ഫെഡറൽ നിയമം 34 പ്രകാരം ഇവ ശിക്ഷാർഹമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്തകൾ പങ്കിടുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. സമൂഹത്തിലെ എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കണം. കോവിഡ് പ്രതിരോധത്തിനായി രാജ്യം നടത്തുന്ന എല്ലാ പ്രയത്‌നങ്ങളെയും പിന്തുണയ്ക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

പ്രായപൂർത്തിയാകാത്തവരുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കും ഇത്തരം ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ സമാഹരിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരേ കനത്ത ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രണ്ടര ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.