ദുബായ് : എക്സ്‌പോ 2020 ദുബായ് ആരംഭിച്ച് ഇതുവരെ എക്സ്‌പോ പാസ്‌പോർട്ട് സുവനീർ 10 ലക്ഷം വിറ്റുപോയതായി സംഘാടകർ വെളിപ്പെടുത്തി. 20 ദിർഹമാണ് 50 പേജുള്ള മഞ്ഞ പാസ്‌പോർട്ടിന്റെ വില. ദുബായ് എക്സ്പോയുടെ മനോഹരമായ ഓർമ സൂക്ഷിക്കാൻവേണ്ടിയാണ് പാസ്‌പോർട്ടുകൾ നൽകുന്നത്. എക്സ്‌പോയിലെ ഓരോ പവിലിയനും സന്ദർശിക്കുമ്പോൾ അതാത് രാജ്യങ്ങളുടെ സ്റ്റാമ്പ് പാസ്‌പോർട്ടിൽ പതിക്കും.

1967-ലെ വേൾഡ് എക്സ്പോ മുതലാണ് പാസ്പോർട്ട് നൽകാൻ തുടങ്ങിയത്. ആറുമാസത്തെ എക്സ്പോയിൽ ഏതൊക്കെ പവിലിയനുകൾ സന്ദർശിച്ചിട്ടുണ്ടെന്ന് പാസ്പോർട്ട് നോക്കി മനസ്സിലാക്കാം. ഒരു ഔദ്യോഗിക പാസ്‌പോർട്ട് പോലെ രൂപപ്പെടുത്തിയ 50 പേജുള്ള ബുക്ക്‌ലെറ്റിൽ മൂന്ന് പവിലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും അടങ്ങിയിട്ടുണ്ട്. മഞ്ഞനിറത്തിൽ ആകർഷകമായ രീതിയിൽ പുറത്തിറക്കിയ ഈ പാസ്പോർട്ടിൽ ഏകീകൃത നമ്പർ, വ്യക്തിയുടെ ഫോട്ടോ, വിവരങ്ങൾ, ഓരോ പേജിലും വാട്ടർമാർക്ക് ചെയ്ത ചിത്രങ്ങൾ എന്നിവ ഉണ്ടാകും.

എക്സ്‌പോ സൈറ്റിലുടനീളമുള്ള എല്ലാ സ്റ്റോറുകളിലും ദുബായ് എയർപോർട്ട് ടെർമിനൽ മൂന്നിൽ സ്ഥിതിചെയ്യുന്ന എക്സ്‌പോ 2020 ദുബായ് സ്റ്റോറിലും expo2020dubai.com/onlinestore-ലും പാസ്‌പോർട്ട് ലഭ്യമാണ്.