ഷാർജ : ഏറെ ചർച്ചചെയ്യുന്ന കെ-റെയിൽ പദ്ധതിയെക്കുറിച്ച് യു.എ.ഇ. ജനതാ കൾച്ചറൽ സെന്റർ വെബിനാർ നടത്തി. ഒരുഭാഗത്ത് വികസനം സാധ്യമാക്കുമ്പോൾ മറുഭാഗത്ത് ഈ വികസന പദ്ധതി കേരളത്തിന് നൽകുന്ന പാരിസ്ഥിതികാഘാതം നിസ്സാരമായി കാണാൻ കഴിയില്ലെന്ന് വിഷയം അവതരിപ്പിച്ച ഇ.കെ. ദിനേശൻ അഭിപ്രായപ്പെട്ടു. എന്നാൽ, നിലവിൽ കെ-റെയിൽ എന്ന ഇടതുപക്ഷത്തിന്റെ വികസനപദ്ധതിയെ എതിർക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് ബിജു സോമൻ പറഞ്ഞു.

ഇത്തരം വികസനപദ്ധതികളോടുള്ള മലയാളികളുടെ സമീപനം മാറേണ്ട കാലം കഴിഞ്ഞെന്ന് യുവകലാസമിതിയെ പ്രതിനിധീകരിച്ച് സംസാരിച്ച പ്രശാന്ത് ആലപ്പുഴ അഭിപ്രായപ്പെട്ടു. പി.ജി. രാജേന്ദ്രൻ മോഡറേറ്ററായിരുന്നു.

വൈ.എ. റഹീം, എൽവിസ് ചുമ്മാർ, പി.കെ. അൻവർ നഹ, ലൈസ് എടപ്പാൾ, പുഷ്പരാജൻ ആതവനാട്, ബാബു ടി.ജെ. വയനാട് തുടങ്ങിയവർ കെ-റെയിൽ കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഒട്ടും യോജിച്ചതല്ലെന്നും അതുണ്ടാക്കുന്ന സാമ്പത്തികബാധ്യത കേരളത്തെ കടത്തിലേക്ക് നയിക്കുമെന്നും പറഞ്ഞു. ടെന്നിസൻ ചേന്നപ്പിള്ളി സ്വാഗതവും സുനിൽ പെരുമാൾപുരം നന്ദിയും പറഞ്ഞു.