ദുബായ് : കോവിഡ് വൈറസ് പടരുന്നത് തടയാനും രോഗികളുമായുള്ള സമ്പർക്കം നിയന്ത്രിക്കുന്നതിനും ദുബായിയിൽ കർശനമായ നിയമങ്ങളാണ് നിലവിലുള്ളത്.

കോവിഡ് പോസിറ്റീവായ ഒരു വ്യക്തിയുമായി 15 മിനിറ്റോ അതിൽകൂടുതലോ ഒരു മീറ്ററിനുള്ളിൽ അടുത്ത്‌ സമ്പർക്കം പുലർത്തുന്നവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലായാണ് കണക്കാക്കപ്പെടുന്നത്.

രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് രണ്ടുദിവസംമുമ്പോ കോവിഡ് പോസിറ്റീവാകുന്നതിന് രണ്ടുദിവസംമുമ്പോ അല്ലെങ്കിൽ പോസിറ്റീവായി 10 ദിവസത്തിനുള്ളിലോ ഹസ്തദാനം, ആലിംഗനംപോലുള്ള പ്രവൃത്തികളിലൂടെ രോഗം പിടിപെടാവുന്നതാണെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു.

ഓർമിക്കേണ്ടത്

പോസിറ്റീവായ രോഗിയുമായി സമ്പർക്കം പുലർത്തിയാൽ ഏഴുദിവസം സെൽഫ് ക്വാറന്റീനിൽ കഴിയണം. ഇത് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ ബന്ധപ്പെട്ടില്ലെങ്കിലും നിയമങ്ങൾ പാലിക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് ബോധ്യമുണ്ടാകണം.

ക്വാറന്റീനിൽ കഴിയുമ്പോൾ ചുമ, പനി പോലുള്ള ലക്ഷണങ്ങളുണ്ടായാൽ കോവിഡ് പരിശോധന നടത്തണം. പോസിറ്റീവായാൽ 10 ദിവസം ഐസൊലേറ്റ് ചെയ്യണം. പിന്നീട് നെഗറ്റീവായാൽ പോസിറ്റീവ് കേസുമായി സമ്പർക്കം പുലർത്തിയവർക്കുള്ള ഏഴുദിവസത്തെ ഐസൊലേഷൻ കാലയളവും പൂർത്തിയാക്കണം.

സ്കൂളിലോ തൊഴിലിടങ്ങളിലോ ആർക്കെങ്കിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാൽ സമ്പർക്കത്തിലുള്ളവർ ഏഴുദിവസത്തെ ക്വാറന്റീനിൽ പോകാൻ തൊഴിലുടമയോ അധ്യാപകനോ നിർദേശം നൽകണം.

ഏഴുദിവസത്തെ ക്വാറന്റീൻ പൂർത്തിയായാൽ അത് സ്ഥിരീകരിക്കുന്ന ലെറ്റർ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ 800342 എന്ന ടോൾഫ്രീ നമ്പറുമായി ബന്ധപ്പെട്ടാൽ ലഭിക്കും.

കോവിഡ് ലക്ഷണങ്ങളില്ലെങ്കിൽ പരിശോധന നടത്തേണ്ടതില്ല.

പോസിറ്റീവ് കേസുമായി അടുത്തിടപഴകുമ്പോൾ മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നെങ്കിൽപോലും അത് അടുത്ത സമ്പർക്കമായി കണക്കാക്കും.

കോവിഡ് വ്യാപനം തടയാൻ ഹോം ക്വാറന്റീൻ സ്വന്തം വീട്ടിൽതന്നെയാകണം.

വീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവർ ഹോട്ടലിലേക്കോ, പ്രത്യേക സർക്കാർ സൗകര്യങ്ങളിലേക്കോ സ്വന്തം ചെലവിൽ മാറണം.