അബുദാബി : പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാനൊരുങ്ങി അബുദാബി. 2022 അവസാനത്തോടെ ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും നിരോധിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസിയുടെ മുതിർന്ന ഉപദേഷ്ടാവ് മോനിർ ബോവുഗാനിം വ്യക്തമാക്കി.

2020-ൽ നിലവിൽവരേണ്ടിയിരുന്ന തീരുമാനം കോവിഡിന്റെ പശ്ചാത്തലത്തിലാണ് താത്കാലികമായി മാറ്റിയത്. 16 ഇനം പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പദ്ധതിപ്രകാരം നിരോധിക്കാൻ തീരുമാനമായത്. സാധാരണയായി ഉപയോഗിച്ചുവരുന്ന പ്ലാസ്റ്റിക് സ്ട്രോകൾ, പാത്രങ്ങൾ, സ്പൂണുകൾ തുടങ്ങിയവയും ഇതിലുൾപ്പെടും. ഇൻസെന്റീവ് അടിസ്ഥാനത്തിൽ ‘ബോട്ടിൽ - റിട്ടേൺ’ പദ്ധതിയും 2022 അവസാനത്തോടെ നടപ്പിൽവരുത്തും. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥാ രൂപവത്കരണത്തിന്റെ അവസാനഘട്ടത്തിലാണ് ഇപ്പോൾ ഏജൻസിയുള്ളത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും ഒഴിവാക്കി പകരം പലതവണ ഉപയോഗിക്കാവുന്ന ബാഗുകൾക്ക് പ്രചാരംനൽകും.

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പദ്ധതിപ്രകാരം 30 കോടി ടൺ പ്ലാസ്റ്റിക് മാലിന്യമാണ് പ്രതിവർഷം ലോകത്താകമാനം നിക്ഷേപിക്കപ്പെടുന്നത്. മനുഷ്യകുലത്തിന്റെ അത്രയും ഭാരമാണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ ഒമ്പതുശതമാനം മാത്രമാണ് പുനഃചംക്രണം ചെയ്യാൻ കഴിയുന്നതെന്നതും വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ബാക്കിയുള്ളവ പൂർണമായും പരിസ്ഥിതിയുടെ വിവിധതലങ്ങളിൽ മാറ്റമില്ലാതെ കാലാകാലം നിലകൊള്ളുന്നുവെന്നതാണ് യാഥാർഥ്യം. നിലവിലെ പ്രവണത മാറ്റമില്ലാതെതുടർന്നാൽ 2050-ഓടെ സമുദ്രങ്ങളിൽ മീനുകളെക്കാളധികം പ്ലാസ്റ്റിക് നിറയുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

പലതവണ ഉപയോഗിക്കാവുന്ന ബാഗുകൾ വൈറസ് വ്യാപനത്തിന് സാധ്യത കൂട്ടുമെന്നതിനാലാണ് പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുകയെന്ന തീരുമാനം താത്കാലികമായി ഒഴിവാക്കിയത്. എന്നാൽ ജനങ്ങളുടെ ഉത്തരവാദിത്വത്തോടെയുള്ള സമീപനം ഈ വിഷയത്തിൽ ഏറെ ആവശ്യമാണ്. ഉപയോഗശൂന്യമായ മുഖാവരണങ്ങൾ, പ്ലാസ്റ്റിക് ബാഗുകൾ എന്നിവ കൃത്യതയോടെ നിർമാർജനം ചെയ്യണം. മുഖാവരണത്തിന് ഈ കാലഘട്ടത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടോ, അത്രതന്നെ പ്രാധാന്യമർഹിക്കുന്നതാണ് അവയുടെ ശാസ്ത്രീയമായ നിർമാർജനവും. ഇവ മാലിന്യക്കൊട്ടകളിൽത്തന്നെ ഉപേക്ഷിക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന മുഖാവരണം പരിസ്ഥിതിക്കും ജന്തുജീവജാലങ്ങൾക്കും ഭീഷണിയാകുന്ന കാഴ്ചകൾ ഒട്ടേറെയാണെന്നും മോനിർ ബോവു ഗാനിം പറഞ്ഞു.