ദുബായ് : പുകവലിയിൽനിന്ന് പുറത്തുകടക്കാൻ വഴിയൊരുക്കി ദുബായ് ആരോഗ്യവകുപ്പ്. മൂന്ന് കേന്ദ്രങ്ങളാണ് ഇതിനായി വകുപ്പ് തുറന്നിരിക്കുന്നത്. പുകവലി കൊണ്ടുള്ള ദുരിതം അത് ഉപയോഗിക്കുന്നവർക്ക് മാത്രമല്ല, കൂടെയുള്ളവർക്ക് കൂടിയാണ്. പുകവലിക്കെതിരെയുള്ള ശാസ്ത്രീയമായ നീക്കങ്ങളാണ് ആരോഗ്യവകുപ്പ് പുതിയ കേന്ദ്രങ്ങളിലൂടെ നടത്തുന്നത്. നാദ് അൽ ഹമർ ഹെൽത്ത് സെന്ററുമായി ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അൽ തവാർ, അൽ ബർഷ എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളിലും പുകവലിയിൽനിന്ന് പുറത്തുകടക്കാനുള്ള സേവനങ്ങൾ നൽകും. നാന്നൂറോളം പേർക്ക് ആവശ്യമായ സേവനങ്ങൾ പ്രതിദിനം ലഭ്യമാക്കാനാവും വിധമാണ് കേന്ദ്രങ്ങളുടെ പ്രവർത്തനം. പുകവലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2010-ൽ ആണ് ദുബായ് ആരോഗ്യ വകുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെയുള്ള ശ്രമം ആരംഭിച്ചത്. ശാസ്ത്രീയ പിന്തുണയില്ലാതെ നാല് ശതമാനം പേർക്ക് മാത്രമാണ് പുകവലിയിൽനിന്ന് പുറത്തുകടക്കാൻ കഴിഞ്ഞതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. പുകയില ആസക്തി വിട്ടുമാറാത്ത രോഗമാണെന്ന് സീനിയർ സ്പെഷ്യലിസ്റ്റ് രജിസ്ട്രാറും അക്യൂട്ട് ആൻഡ് ക്രോണിക് ഡിസീസ് യൂണിറ്റ് ആക്ടിങ് മേധാവിയുമായ ഡോ. ആയിഷാ അൽ ഒലാമ പറഞ്ഞു. ആവശ്യമുള്ളവർക്ക് മരുന്നും കൗൺസിലിങ്ങും വേണ്ടിവരും.
●കേന്ദ്രങ്ങളിലെ പ്രവർത്തന രീതി
പുകവലിക്കുന്ന വ്യക്തിയും ഡോക്ടറും തമ്മിൽ ആദ്യഘട്ട കൂടിക്കാഴ്ചയിൽ കൃത്യമായ ആശയവിനിമയം നടത്തും. പുകവലിയുടെ തീവ്രത മനസ്സിലാക്കുന്നതിനും ആവശ്യമായ പരിഹാരരീതി അവലംബിക്കുന്നതിനും വേണ്ടിയാണിത്. പിന്നീട് പുകവലി ഉപേക്ഷിക്കേണ്ട ഒരു ദിവസം തീരുമാനിക്കും. ആ ദിവസത്തിനുള്ളിൽ ശീലം മാറ്റിയെടുക്കേണ്ടതിനായുള്ള പ്രോത്സാഹനവും കൗൺസിലിങ്ങും ആവശ്യമെങ്കിൽ മരുന്നുമെല്ലാം നൽകും. പുകവലി പെട്ടെന്ന് നിർത്തുമ്പോഴുണ്ടാവുന്ന അസ്വസ്ഥതകളെക്കുറിച്ചും അവ എങ്ങനെ മറികടക്കാമെന്നും പുകവലിക്കാരെ അറിയിക്കും. ആരോഗ്യകരമായ ഒരു ജീവിതരീതി പിന്തുടരാൻ പുകവലിക്കാരെ പ്രോത്സാഹിപ്പിക്കും, ഇത് പുകവലി ഉപേക്ഷിക്കാനുള്ള സാധ്യത വർധിപ്പിക്കും. നിക്കോട്ടിൻ ടാബ് അടക്കമുള്ള മരുന്നുകളാണ് നൽകുക.
●ഗുണങ്ങൾ
പുകവലി ഉപേക്ഷിക്കുന്നതിലൂടെയുള്ള നേട്ടങ്ങൾ പലതാണ്. പുകവലിക്കുന്ന സമയത്തുണ്ടാവുന്ന അസാധാരണമായി ഉയർന്ന ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങുന്നു. രക്തത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവ് കുറയാൻ തുടങ്ങുന്നു. ക്രമേണ രക്തചംക്രമണം മെച്ചപ്പെടുകയും കഫം കുറയുകയും ചുമയും ശ്വാസോച്ഛ്വാസത്തിലെ ബുദ്ധിമുട്ടും ഇല്ലാതാവുകയും ചെയ്യുന്നു. മാസങ്ങൾക്കുള്ളിൽ ശ്വാസകോശത്തിന്റെ പ്രവർത്തനത്തിൽ ഗണ്യമായ പുരോഗതിയും കൈവരിക്കും. കാൻസറിനുള്ള സാധ്യത കുറയ്ക്കുക, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഇല്ലാതാക്കി ആരോഗ്യകരമായ ജീവിതത്തിലേക്ക് മടങ്ങാനും പുകവലി ഉപേക്ഷിക്കുന്നതിലൂടെ സാധിക്കുന്നു.